ആലപ്പുഴ:കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സെമിത്തേരികളിൽ സംസ്കരിക്കാൻ [ദഹിപ്പിക്കാൻ] അനുമതി നൽകി ആലപ്പുഴ രൂപതയുടെ മാതൃക. ഇതു സംബന്ധിച്ച് സർക്കുലറും പുറത്തിറക്കി. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും അഭ്യർത്ഥന കൂടി മാനിച്ചാണ് തീരുമാനമെന്ന് ബിഷപ്പ് ഡോ.ജയിംസ് ആനാപറമ്പിൽ അറിയിച്ചു. മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ച മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കാനാശ്ശേരിൽ ത്രേസ്യാമ്മയുടെയും (67) കാട്ടൂർ തെക്കേ തയ്യിൽ മറിയാമ്മയുടെയും (80) മൃതദേഹങ്ങൾ ഇന്നലെ ഇപ്രകാരമാണ് സംസ്കരിച്ചത്.

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെയോ, മരണശേഷം സ്ഥിരീകരിക്കുന്നവരുടെയോ മൃതദേഹങ്ങൾ പള്ളി സെമിത്തേരികളിൽ സംസ്കരിക്കാനാണ് തീരുമാനം. തത്സമയം പുരോഹിതർ ദേവാലയങ്ങളിൽ പ്രാർത്ഥന നടത്തും. തുടർന്ന് ഭസ്മം സെമിത്തേരികളിൽ സംസ്കരിക്കും. ആലപ്പുഴ രൂപത മെത്രാൻ ഡോ.ജെയിംസ് ആനാപറമ്പിലിന്റെ നേതൃത്വത്തിൽ ഫൊറോനാ വികാരിമാരും വൈദികരും അത്മായ നേതാക്കളും ചേർന്ന് ചർച്ച ചെയ്താണ് തീരുമാനമെടുത്തത്. ഇത്തരത്തിലുള്ള സംസ്കാരത്തിന് റോമിൽ നിന്ന് അനുവാദമുള്ളതാണ്.ഇപ്പോഴത്തെ സാഹചര്യത്തിൽ മൃതദേഹം മറവുചെയ്യുന്ന കാര്യത്തിൽ പലേടത്തും പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ഏറ്റവും ശാസ്ത്രീയവും അനുയോജ്യവുമായ തീരുമാനമാണിതെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. ഈ പ്രത്യേക സംവിധാനം കൊവിഡ് മൂലം മരിക്കുന്നവർക്കു മാത്രമേ ബാധകമാകുകയുള്ളു എന്നും വ്യക്തമാക്കയിട്ടുണ്ട്.

# നിർദ്ദേശങ്ങൾ

 സംസ്കാരത്തിനായി മൊബൈൽ ക്രിമേഷൻ യൂണിറ്റുകളെ മുൻകൂട്ടി സംഘടിപ്പിച്ച് മുന്നൊരുക്കം നടത്തണം

 ശവദാഹത്തിനുള്ള കേന്ദ്രങ്ങൾ സമീപപ്രദേശത്തുണ്ടെങ്കിൽ അവിടെ നടത്താം

 സെമിത്തേരിയിലല്ല ശവദാഹമെങ്കിൽ ഭസ്മം ഇടവക സെമിത്തേരിയിൽ അടക്കം ചെയ്യണം

 ഭസ്മം വീടുകളിൽ സൂക്ഷിക്കാനോ പുഴയിലോ മറ്റോ ഒഴുക്കാനോ പാടില്ല