ആലപ്പുഴ : ഈഴവ,തീയ്യ വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയ തമിഴ്നാട് മുഖ്യമന്ത്രിയെയുംസർക്കാരിനെയും എസ്.എൻ.ഡി.പി യോഗം മാവേലിക്കര ടി.കെ. മാധവൻ സ്മാരക യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി യോഗം അഭിനന്ദിച്ചു.

യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ ചുമതലയേറ്റ ശേഷമാണ് ഈഴവരും തിയ്യരും താമസിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ യൂണിയനുകൾ സ്ഥാപിക്കാൻ ആരംഭിച്ചത്. അതാത് സംസ്ഥാനങ്ങളിൽ സ്ഥിരതാമസമാക്കിയ സമുദായിക അംഗങ്ങൾക്ക് അവരുടെ അവകാശപോരാട്ടങ്ങൾക്ക് കരുത്ത് പകരാനുള്ള വെള്ളാപ്പള്ളി നടേശന്റെ ലക്ഷ്യമാണ് ഇപ്പോൾ ഫലം കണ്ടത്. 30 ലക്ഷത്തോളം വരുന്ന തമിഴകത്തിലെ ഈഴവ, തീയ്യ സമുദായാംഗങ്ങളുടെ 44 വർഷങ്ങളായുള്ള ആവശ്യമാണ് ഇപ്പോൾ നടപ്പിലായത്.

സംവരണാവകാശം പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി നീലഗിരിയിലെ യൂണിയൻ നേതൃത്വം സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് പ്രവർത്തിച്ചുവരികയായിരുന്നു. നീലഗിരി യൂണിയൻ 2016 ൽ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്യുകയും, തുടർന്ന് സംവരണം നൽകാത്തതിന്റെ കാരണം വിശദീകരിക്കാൻ തമിഴ്നാട് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തതോടെയാണ് വിഷയം സർക്കാരിന്റെയും വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടേയും ശ്രദ്ധയിൽപ്പെടുന്നത്. പിന്നാക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നത് കാരണം അർഹതപ്പെട്ട അവസരങ്ങൾ വിനിയോഗിക്കാൻ കഴിയാതിരുന്ന വലിയൊരു വിഭാഗത്തിനാണ് ഈ തീരുമാനത്തോടെ ആശ്വാസം ലഭിച്ചത്.യോഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ അഡ്വ. സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർമാരായ രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, കമ്മറ്റിയംഗങ്ങളായ വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ എന്നിവർ സംസാരിച്ചു.