xdth

ഹരിപ്പാട്: ടെസ്റ്റുകൾ വർദ്ധിപ്പിക്കാനും പോസിറ്റീവ് ആകുന്ന രോഗികളെ എത്രയും വേഗം ആശുപത്രിൽ എത്തിക്കുന്നതിതിനും വേണ്ട നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് നിയോജകമണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിനുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തിലും മുനി​സിപ്പാലിറ്റിയിലും ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെന്ററുകളുടെ പ്രാരംഭ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ യോഗം തീരുമാനിച്ചു.
ഇവയുടെ പ്രവർത്തനം ആരംഭിക്കുന്നതോടു കൂടി നിയോജക മണ്ഡലത്തിലെ 865 പേർക്ക് ചികിത്സ സൗകര്യം ലഭ്യമാകുമെന്ന് തഹസിൽദാർ യോഗത്തിൽ അറിയിച്ചു. ചെറുതന ഒഴികെയുള്ള പഞ്ചായത്തിൽ വിവിധ സ്ഥാപനങ്ങൾ ഫസ്റ്റ് ലൈൻ സെൻ്റെർ ആക്കുന്നതിന് ഏറ്റെടുത്തതായി പഞ്ചായത്ത് പ്രസിഡൻ്റുമാർ അറിയിച്ചു .ചെറുതന ആയാപറമ്പ് സ്കൂളിൽ സെൻ്റർ തുടങ്ങാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ പ്രതിപക്ഷ നേതാവ് നിർദ്ദേശിച്ചു. കണ്ടെയ്ൻമെന്റ് സോണുകളായ ആറാട്ടുപുഴ തൃക്കുന്നപ്പുഴ തീരദേശത്ത് ഭക്ഷ്യ കിറ്റ് വിതരണ നടപടി വേഗത്തിലാക്കാൻ യോഗം ആവശ്യപ്പെട്ടു.
ഡെപ്യൂട്ടി കളക്ടർ സജിത ബീഗം, തഹസിൽദാർ ദിലീപ് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, മെമ്പർ ജോൺ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു കൊല്ലശ്ശേരി, ആനന്ദൻ, മുൻസിപ്പൽ ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം, പഞ്ചായത്ത് പ്രസിഡൻറ് മാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.