ചാരുംമൂട്: നൂറനാട് ലെപ്രസി സാനിട്ടോറിയം അന്തേവാസിയായ സ്ത്രീയ്ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്കിടയാക്കി. സാനിട്ടോറിയം ഹൗസ് വാർഡിൽ കഴിഞ്ഞിരുന്ന 75 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയിലെ ഒ.പി വിഭാഗം വീണ്ടും അടച്ചു . ഡോക്ടർമാരും അന്തേവാസികളുമടക്കം 63 പേരാണ് ക്വാറന്റൈയിനിൽ പോയത്.
രോഗവും പ്രായാധിക്യവും കൊണ്ടു ബുദ്ധിമുട്ടുന്നവരാണ് അന്തേവാസികളിൽ അധികം പേരും. ഒരാഴ്ച മുമ്പ് ശരീര വേദനയെ തുടർന്ന് 75 കാരിക്ക് ചികിത്സ നൽകിയിരുന്നു. പനിയുടെ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. രണ്ട് ദിവസം പിന്നിട്ടപ്പോൾ ക്ഷീണം അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രി വാർഡിലെ ഐ.സി.യു വിലേക്ക് മാറ്റി. ക്ഷീണം വിട്ടുമാറാതെ വന്നതോടെ സ്രവ പരിശോധ നടത്തുകയും ഇന്നലെ ഇവർക്ക് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.
രോഗവ്യാപനമുണ്ടായ ഐ.ടി.ബി.പി ക്യാമ്പിലെ ഭൂരിപക്ഷം സൈനികരും രോഗമുക്തി നേടി വരുന്നതിനിടെ ക്യാമ്പിനോട് ചേർന്നു കിടക്കുന്ന സാനിട്ടോറിയത്തിലെ അന്തേവാസിയ്ക്കും രോഗം ബാധിച്ചത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും അന്തേവാസികളുമടക്കം പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 63 പേരെയാണ് നീരീക്ഷണത്തിലാക്കിയത്. ഇതിൽ ഇവിടെ പച്ചക്കറികളും മറ്റും എത്തിക്കുന്ന ഓട്ടോ ഡ്രൈവറും ഉൾപ്പെടും. ഇവരുടെയെല്ലാം സ്രവസാമ്പിൾ എടുത്ത് എത്രയും വേഗം പരിശോധന നടത്തുമെന്നും ഒ.പി.വിഭാഗം താത്കാലികമായി അടച്ചതായും സൂപ്രണ്ട് പി.വി. വിദ്യ അറിയിച്ചു.
കൊവിഡ് വ്യാപാനത്തിന്റെ പശ്ചാത്തലത്തിൽ അന്തേവാസികളുടെ സുരക്ഷ മുൻ നിർത്തി നേരത്തെ തന്നെ സാനിട്ടോറിയത്തിലെ ഡോക്ടറന്മാരും ജീവനക്കാരും രണ്ട് സംഘമായാണ് പ്രവർത്തിച്ചിരുന്നത്. ഒ.പി വിഭാഗത്തിലെ ഡോക്ടർമാരും ജീവനക്കാരും അന്തേവാസികളുടെ വാർഡുകളിൽ പോയിരുന്നില്ല. അതിനാൽ ഒ.പിയിലുള്ള ഡോക്ടറന്മാരെയും ജീവനക്കാരെയും അന്തേവാസികളുടെ പരിചരണത്തിന് ഇപ്പോൾ വിടാനായെന്ന് സൂപ്രണ്ട് പറഞ്ഞു.
50 പേർക്ക് റാപ്പിഡ് ടെസ്റ്റ്
ചാരുംമൂട് :ചുനക്കര പഞ്ചായത്തിൽ ക്വാറന്റയിനിലും സമ്പർക്കപ്പട്ടികയിലുള്ളവരുമായ 50 പേർക്ക് കൊവിഡ് റാപ്പിഡ് ടെസ്റ്റ് നടത്തി. ഇന്നലെ ചുനക്കര സി.എച്ച്.സിയിൽ നടന്ന പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റീവാണ്. കൊവിഡ് ബാധിരിച്ചിരുന്ന ഐ.ടി.ബി.പി സേനാംഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി നൂറിലധികം പേർക്ക് രോഗമുക്തി നേടിയിട്ടുണ്ട്. ലാർജ് ക്ലസ്റ്റർ കണ്ടൈൻമെന്റ് സോണുകളായിരുന്ന താമരക്കുളം, നൂറനാട്, പഞ്ചായത്തുകളിലെ ഭൂരിപക്ഷം വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും ഒഴിവാക്കി. താമരക്കുളം പഞ്ചായത്തിലെ 1, 2, 6, 7 വാർസുകളും നൂറനാട്ടെ 9, 11 വാർഡുകളും പാലമേൽ പഞ്ചായത്തിലെ ഒന്നാം വാർഡും ഒഴികെ ബാക്കി മുഴുവൻ വാർഡുകളെയുമാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.