post

പത്തനംതിട്ട: രാഷ്ട്രീയ പ്രവർത്തകരും ജനപ്രതിനിധികളും 55ാം വയസിൽ വിരമിക്കണമെന്ന ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. സി.പി.എം സംസ്ഥാന സമിതിയംഗം കൂടിയായ സജി ചെറിയാൻ 27ാം വിവാഹ വാർഷികാഘോഷത്തിന്റെ ഭാഗമായി ഇട്ട പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും നിരവധിയാളുകൾ രംഗത്തുവന്നു. 55 വയസ് തികഞ്ഞ സജി ചെറിയാൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണോ, സി.പി.എം നേതാക്കൾക്കും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇത് ബാധകമാണോ എന്നീ ചോദ്യങ്ങളുമുയർന്നു. വിവാദം കത്തിപ്പടർന്നതോടെ മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം പോസ്റ്റ് പിൻവലിച്ചു.

ചെങ്ങന്നൂരിലെ എം.എൽ.എ ആയിരുന്ന കെ.കെ രാമചന്ദ്രൻ നായരുടെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സജി ചെറിയാൻ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുകയായിരുന്നു.

സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്: രാഷ്ട്രീയ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും നിശ്ചിത പ്രായം ഉറപ്പാക്കണം. എന്നാൽ അവർക്ക് പൊതുപ്രവർത്തനം എത്രകാലം വരെയും തുടരാം. അങ്ങനെയെങ്കിൽ നാമൊക്കെ തന്നെ മാതൃകയാകണം. ഒരു പൊതു തീരുമാനം വരുത്താൻ എന്റെ പാർട്ടി ആദ്യം തന്നെ ആലോചിക്കും എന്നു പ്രതീക്ഷിക്കാം. എല്ലാ പാർട്ടികളും ഇത് പരിഗണിക്കണം. എന്റെ പ്രായം 55 വയസ്. അത് എന്റെ പ്രായം കൊണ്ട് ആയതു തന്നെ. പുതു തലമുറ വരട്ടെ.

സി.പി.എമ്മിലെ മുതിർന്ന നേതാക്കൾക്കെതിരെയുള്ളതാണ് പോസ്റ്റെന്ന് ചർച്ച വന്നതോടെയാണ് അദ്ദേഹം ഇത് പിൻവലിച്ചത്. തിങ്കളാഴ്ച രാത്രി 9.30ഓടെ ഒൗദ്യോഗിക പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതിനടിയിൽ സി.പി.എമ്മിന്റെ ചില നേതാക്കളും യുവജന സംഘടന നേതാക്കളും ലൈക്കും കമന്റുമായി എത്തി.

പോസ്റ്റിനെതിരെ ജില്ലാ നേതൃത്വത്തിലെ പലരും എതിർപ്പ് സ്വകാര്യമായി പ്രകടിപ്പിച്ചതായാണ് അറിയുന്നത്. മന്ത്രിസഭയിലെയും സംസ്ഥാന സെക്രട്ടേറിയറ്റിലെയും പി.ബിയിലെയും അംഗങ്ങളിൽ ഭൂരിഭാഗവും 55 വയസിന് മുകളിലുള്ളവരാണ്. അവർക്കെതിരെയുള്ള ഒളിയമ്പാണ് സജിചെറിയാന്റേതെന്നും ആരോപണമുണ്ട്.

കേന്ദ്രകമ്മിറ്റിയിലും പി.ബിയിലും അംഗങ്ങളാകാനുള്ള പ്രായപരിധി 75 വയസാണെന്നിരിക്കെയാണ് സജി ചെറിയാന്റെ അഭിപ്രായ പ്രകടനം. ജില്ലയിലെ മുതിർന്ന നേതാക്കളെ മറികടക്കാനുള്ള പ്രവണത അടുത്തകാലത്തായി വർദ്ധിച്ചെന്നും ഇതിന്റെ പ്രഭവകേന്ദ്രം എവിടെയാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നുമായിരുന്നു ഒരു ജില്ലാ നേതാവിന്റെ പ്രതികരണം.