ചേർത്തല:കൊവിഡ് ബാധിച്ച് മരിച്ച മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14ാം വാർഡിൽ കാനാശേരിൽ ത്രേസ്യാമ്മ(അച്ചാമ്മ–62)യുടെ മൃതദേഹം മാരാരിക്കുളം സെന്റ് അഗസ്​റ്റിൻസ് പള്ളിയിൽ 6 വൈദികരുടെ സാന്നിദ്ധ്യത്തിൽ ദഹിപ്പിച്ചു.ബന്ധുക്കളെല്ലാം ക്വാറന്റൈനിലായതിനാൽ ആർക്കും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുവാൻ കഴിഞ്ഞില്ല. ആംബുലൻസിൽ പള്ളിയിൽ എത്തിച്ച മൃതദേഹം സെമിത്തേരിക്ക് സമീപത്തെ കുരിശടിക്ക് മുന്നിൽ തയ്യാറാക്കിയ ചിതയിൽ വച്ചു. പി.പി.ഇ കി​റ്റ് ധരിച്ച് പഞ്ചായത്ത് അംഗവും ആരോഗ്യ പ്രവർത്തകരും പഞ്ചായത്ത് പ്രസിഡന്റും ചടങ്ങുകളിൽ പങ്കെടുത്തു. കെ.എൽ.സി.എ ആലപ്പുഴ രൂപത ജനറൽ സെക്രട്ടറി ഇ.വി.രാജുവാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചിതയിൽ നിന്ന് അകന്ന് നിന്ന് പള്ളി വികാരി ഫാ.ബർണാർഡ് പണിക്കവീട്ടിൽ, അസി.വികാരി യേശുദാസ് അറയ്ക്കൽ, ആലപ്പുഴ രൂപത ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ഫാ.ക്രിസ്​റ്റഫർ എം.അർത്ഥശേരിൽ, ഫാ.സാംസൺ ആഞ്ഞിലിപറമ്പിൽ, ഫാ.ഫ്രാൻസിസ് കൊടിയനാട്,ഫാ.ജൂഡോ മൂപ്പശേരിൽ എന്നിവർ പ്രാർത്ഥന ചൊല്ലി. ആലപ്പുഴ രൂപത പ്രത്യേക രൂപപ്പെടുത്തിയ പ്രാർത്ഥനയാണ് നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ്‌കുമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ജോസ് എബ്രഹാം, ആർ.എൻ.പ്രശാന്ത്, എം.വിധീഷ് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. തുടർന്ന് എരിഞ്ഞടങ്ങിയ ചിതയിൽ നിന്ന് ഭസ്മവും അവശിഷ്ടങ്ങളും മൺകുടത്തിലാക്കി സെമിത്തേരിയിൽ കല്ലറയിൽ സ്ഥാപിച്ചു. കഴിഞ്ഞയാഴ്ച മരിച്ച കാട്ടൂർ സ്വദേശിനി മറിയാമ്മയുടെ സംസ്‌കാരവും ഇതിന് ശേഷം കാട്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ സമാനമായ ചടങ്ങുകളോടെ നടന്നു.