ഹരിപ്പാട്: വഴിത്തർക്കത്തെ തുടർന്ന് അയൽവാസികൾ തമ്മിൽ ഉണ്ടായ കൂട്ടത്തല്ല് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു.
ആറാട്ടുപുഴ പെരുമ്പള്ളി സുനാമി സ്മാരകത്തിന് വടക്കുവശം ആണ് സംഭവം. തർക്കത്തെ തുടർന്നുണ്ടായ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ നിഖിലാലയത്തിൽ ശാന്ത, ഭർത്താവ് വാമദേവൻ എന്നിവരാണ് പൊലീസിൽ പരാതി നൽകിയത്.
ആറാട്ടുപുഴ പെരുമ്പള്ളി മൂലയിൽ രമേശൻ, മക്കളായ രതീഷ്, ഗിരീഷ് ,ബന്ധുക്കളായ കരി തറയിൽ ഭാവന, അരുൺ രാജ് എന്നിവർക്കെതിരെയാണ് തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: രമേശന്റെ വീടിന് വടക്ക് വശത്ത് കൂടി ആറ് കുടുംബങ്ങൾക്ക് സഞ്ചരിക്കാനായി 2.4 മീറ്റർ വീതിയിൽ വഴി ഉണ്ട്. ഇത് മൂന്നു മീറ്റർ ആക്കിയാൽ പഞ്ചായത്തിൽ നിന്നും പാത കോൺക്രീറ്റ് ചെയ്യുവാനായി തുക അനുവദിക്കും. ഇതിനെ സംബന്ധിച്ച് ഉണ്ടായ തർക്കങ്ങൾ മൂന്നാഴ്ചയായി നിലനിൽക്കുകയായിരുന്നു. ഒരുതവണ ഇതുമായി ബന്ധപ്പെട്ട് തർക്കം പൊലീസ് സ്റ്റേഷനിലും എത്തിയിരുന്നു. ഇരുകൂട്ടരും
കോടതിയിൽ പോയി അനുകൂല വിധി സമ്പാദിക്കാമെന്ന ഉറപ്പിന്മേൽ അവിടെ വച്ച് പിരിയുകയായിരുന്നു. എന്നാൽ ഞായറാഴ്ച രമേശൻ ഒന്നര മീറ്റർ മാത്രം വഴി നൽകി വേലി കെട്ടാൻ ആരംഭിച്ചു. ഇത് മറ്റുള്ളവർ ചോദ്യം ചെയ്തതിനെത്തുടർന്ന് സംഘർഷം ഉണ്ടാകുകയായിരുന്നു. ഇത് കൂട്ട അടിയിൽ കലാശിച്ചു. സ്ത്രീകൾ ഉൾപ്പെടെ വടികളുമായി ആക്രമിക്കുകയായിരുന്നു. രമേശന്റെ വീടിന് സമീപം പുറമ്പോക്ക് ഭൂമി ഉണ്ട്. ഈ ഭൂമിയിലാണ് വഴിക്കായി കൂടുതൽ സ്ഥലം ആവശ്യപ്പെടുന്നതെന്ന് മർദ്ദനമേറ്റവർ പറയുന്നു. രമേശൻ പുറമ്പോക്ക് ഭൂമി കൈയേറുകയും അതിലൂടെ വഴിക്കായി സ്ഥലം നൽകുകയുമായിരുന്നുവെന്ന് ഇവർ പറയുന്നു.
എന്നാൽ പുറമ്പോക്ക് ഭൂമിയല്ലെന്നും തങ്ങളുടെ വസ്തന്നെയാണെന്നുമാണ് രമേശനും കുടുംബം അവകാശപ്പെടുന്നത്. ഗ്രാമ പഞ്ചായത്ത് അംഗവും വില്ലേജ് ഓഫീസറും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലും പുറമ്പോക്ക് വസ്തു ഉണ്ടെന്നാണ് കണ്ടെത്തിയതത്രെ. പ്രതികളും തങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി എന്നാരോപിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവം അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് തൃക്കുന്നപ്പുഴ സി.ഐ ആർ.ജോസ് അറിയിച്ചു.