അനുജന് ഗുരുതര പരിക്ക്
ആലപ്പുഴ : നിറുത്തിയിട്ടിരുന്ന ലോറിക്കു പിന്നിലിടിച്ച്, ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരന് ഗുരുതര പരിക്കേറ്റു. പള്ളാത്തുരുത്തി സനാതനപുരം മുപ്പതിൽച്ചിറ വീട്ടിൽ സനൽകുമാറിന്റെ മകൻ ഉണ്ണി (21) ആണ് മരിച്ചത്. സഹോദരൻ വിഷ്ണു തലയ്ക്ക് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി 11.40-ഓടെ ചങ്ങനാശ്ശേരി മുക്കിനു സമീപമായിരുന്നു അപകടം. ദേശീയപാതയിൽനിന്ന് എ.സി.റോഡിലേക്ക് തിരിയുമ്പോൾ ഇടതുവശത്ത് നിറുത്തിയിട്ടിരുന്ന ചരക്കുലോറിയിൽ ബൈക്കിടിക്കുകയായിരുന്നു. ഹൈവേ പൊലീസെത്തി ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉണ്ണിയുടെ ജീവൻ രക്ഷിക്കാനായില്ല.