ചെറുകിട സോഡ നിർമ്മാണ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ
ആലപ്പുഴ : കൊവിഡ് നിയന്ത്രണങ്ങളിൽ ശീതള പാനീയ കടകളിൽ കച്ചവടം കുത്തനെ ഇടിയുകയും ബാറുകൾ പൂട്ടുകയും ചെയ്തതോടെ ജനകീയ പാനീയമായ സോഡയ്ക്ക് കഷ്ടകാലം. ചെലവ് പേരിനു പോലുമില്ലാതായതോടെ കടുത്ത പ്രതിസന്ധിയിലാണ് ചെറുകിട സോഡ നിർമ്മാതാക്കൾ.
വേനൽക്കാലമാണ് സോഡയ്ക്ക് മികച്ച സീസൺ. സർബത്തിനായാണ് കുപ്പി സോഡകൾ ഏറ്റവുമധികം ഉപയോഗിക്കുന്നത്. എന്നാൽ മാർച്ചിൽ കൊവിഡ് എത്തിയതോടെ കടകൾ പൂട്ടി. സർബത്ത് കച്ചവടവും നിലച്ചു. ലോക്ക് ഡൗണിനുശേഷം കടകൾ തുറന്നെങ്കിലും ഒരേ ഗ്ലാസിൽ വീണ്ടും വീണ്ടും സോഡ പകർന്നു നൽകുന്നതിനാൽ രോഗസാദ്ധ്യത കണക്കിലെടുത്ത് ജനം സർബത്തിനോട് വിടപറഞ്ഞു. ബാറുകളായിരുന്നു സോഡ മൊത്തത്തിൽ ചെലവായിരുന്ന ഇടം. കൊവിഡിനെത്തുടർന്ന് ബാറുകളിൽ ഇരുന്നുള്ള മദ്യപാനം നിരോധിച്ചതോടെ ആ വഴിയും അടഞ്ഞു.
ബിവറേജസ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങി ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും, പ്ലാസ്റ്റിക് കുപ്പികളിൽ വരുന്ന സോഡയാണ് ആശ്രയിക്കുന്നത്. കമ്പനികളുടെ സോഡയാണ് ഇങ്ങനെ വിൽക്കുന്നതിലധികവും. സോഡ നിർമ്മാണം നിലച്ചതോടെ നിർമ്മാണത്തിനുപയോഗിക്കുന്ന കാർബൺ ഡൈ ഓക്സൈസിന്റെയും, കോർക്കിന്റെയും വില്പനയിലും ഇടിവുണ്ടായി. മുമ്പ് 45 കിലോയുടെ ഒരു കുറ്റി ഗ്യാസിന് 2500 രൂപ വിലയുണ്ടായിരുന്നു. ഇപ്പോൾ വില 1300ലേക്ക് കൂപ്പുകുത്തി. കൊവിഡിന് മുമ്പ് ലാഭകരമായി മുന്നേറിയിരുന്ന ചെറുകിടയവസായമാണ് സോഡ മേഖല. ജില്ലയിൽ വീടിനോട് ചേർന്ന് തന്നെ ഫാക്ടറി നടത്തുന്ന സംരംഭകരാണ് അധികവും. കറണ്ടിൽ പ്രവർത്തിപ്പിക്കുന്ന മെഷീണറി ഒഴികെ അധികം മുതൽമുടക്ക് വേണ്ട എന്നതും, ആവശ്യക്കാരുണ്ടെന്നതുമായിരുന്നു മേഖലയുടെ നേട്ടം. കഴുകി വൃത്തിയാക്കുന്നതാണെങ്കിലും, ഒരാൾ ഉപയോഗിച്ച അതേ കുപ്പിയിലാണ് വീണ്ടും സോഡ കൈകളിലെത്തുന്നതെന്ന കാരണത്താൽ കൊവിഡ് നിലനിൽക്കുന്ന കാലത്തോളം സോഡ വ്യവസായ മേഖലയിലെ പ്രതിസന്ധിക്ക് അയവ് വരാൻ സാദ്ധ്യതയില്ല.
........................
സോഡ നിർമ്മാണത്തിന് ചെലവ്
ചില്ല് കുപ്പി - 15 രൂപ (ഒരെണ്ണം)
ഗ്യാസ് - 1300 ( 45 കിലോ കുറ്റി )
കോർക്ക് - 2500 (ഒരു ബോക്സ്)
തൊഴിലാളികളുടെ ശമ്പളം
കടകളിൽ സോഡ എത്തിക്കുന്നതിനുള്ള ഡീസൽ ചെലവ്
ഒരു കേസ് സോഡ കടകൾക്ക് നൽകുന്നത് (24 എണ്ണം) - 100 രൂപ
കടകളിൽ ഒരു സോഡയ്ക്ക് - 7 രൂപ
..................
നിർമ്മാണ കമ്പനികൾക്ക് വേണ്ടത്
ഫുഡ് ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്
പൊലൂഷൻ സർട്ടിഫിക്കറ്റ്
ഹെൽത്ത് സർട്ടിഫിക്കറ്റ്
..................
നല്ല രീതിയിൽ മുന്നോട്ട് പോയിരുന്ന വ്യവസായമാണ് കൊവിഡ് മൂലം പൂർണമായി നിലച്ചത്. കഴിഞ്ഞ നാലുമാസത്തിനിടെ മരണവീട്ടിലേക്കുള്ള അഞ്ച് കേസ് സോഡയുടെ ഓർഡറാണ് ആകെ ലഭിച്ചത്. ഒരു കേസ് സോഡയിൽ 30 രൂപ വരെ ലാഭം ലഭിച്ചിരുന്നു. ഇനി ഫാക്ടറി എന്ന് തുറക്കാനാവുമെന്ന് യാതൊരു ഊഹവുമില്ല.
- എൻ.ആർ.പ്രഭു, മഞ്ഞിൽ സോഡ ഫാക്ടറി, കഞ്ഞിക്കുഴി