ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ ഗ്രാമം ചരിത്രത്തിലേക്ക് പെട്ടെന്ന് ഓടിക്കയറിയത് 2004 ഡിസംബർ 24 ന് വൈകിട്ടാണ്. ലോകത്തെ നടുക്കിയ സുനാമി അടിച്ചുകയറിയ കേരളതീരങ്ങളിലെ പ്രധാന സ്ഥലങ്ങളായിരുന്നു ആറാട്ടുപുഴ പഞ്ചായത്തിലെ പെരുമ്പള്ളി, തറയിൽക്കടവ് ഭാഗങ്ങൾ. 29 ഓളം ജീവനുകളാണ് അന്ന് ഈ ഭാഗങ്ങളിൽ പൊലിഞ്ഞത്. എന്നാൽ അന്ന് ഈ പ്രദേശത്തെ സുനാമിയുടെ ഭീകരത വാർത്തകളിൽ നിറയാൻ കുറെയെങ്കിലും സമയമെടുത്തു. പക്ഷെ കഴിഞ്ഞൊരു ദിവസം ഇതേപ്രദേശത്തെ കുറച്ചു വീട്ടുകാരും വീട്ടമ്മമാരും ഒത്തുകൂടി ഒരു പൂരപ്പാട്ടും കൂട്ടത്തല്ലും സംഘടിപ്പിച്ചപ്പോൾ ലോകമെമ്പാടുമുള്ള മലയാളികൾ ടി.വി ചാനലുകളിൽ അതുകണ്ട് കോരിച്ചത്തരിച്ചു. ഫേസ്ബുക്കിൽ വന്ന കൂട്ടത്തല്ലിന്റെ അസുലഭ നിമിഷങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ അഞ്ചുലക്ഷം പേരാണ് കണ്ട് സായൂജ്യമടഞ്ഞത്.

അന്യദേശക്കാരിൽ ചിലരും ഈ കാഴ്ച കാണാനിടയായി. ഭാഷ മനസിലാവാത്തതിനാൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രാചീന കായിക ഇനമാണെന്ന് അവരെ പറഞ്ഞു വിശ്വസിപ്പിച്ച് ആത്മാഭിമാനമുള്ള കേരളീയർ തടിതപ്പി. പുലിമുരുകനിലെ ആക്ഷൻ സീനുകൾ ഒരുക്കിയ പീറ്റർ ഹെയ്നും ഷാജി കൈലാസ് ചിത്രങ്ങളിലെ ആക്ഷൻ സീനുകൾ ഒരുക്കുന്ന മാഫിയ ശശിയുമെല്ലാം പുതിയ ചിത്രങ്ങൾക്ക് വേണ്ടി ഈ സംഘട്ടനരംഗങ്ങൾ അതേപടി ആവർത്തിക്കാനുള്ള ആലോചനയിലാണ്. ഒരു റിഹേഴ്സൽ പോലുമല്ലാതെ അത്യന്തം ഹൃദ്യവും സാഹസികവുമായ രീതിയിലാണ് വീട്ടമ്മമാർ ഏറ്രുമുട്ടിയതും നിലത്തുവീണ് കെട്ടിമറിഞ്ഞതുമെല്ലാം. പ്രദേശത്തുള്ള ചില പുരുഷ കേസരികളാവട്ടെ നിലത്തു വീണുരുണ്ട് സംഘട്ടനം നടത്തുന്ന വീട്ടമ്മമാർക്ക് കൈകൊട്ടി 'ഹൈലേസ' വിളിച്ചു കൊടുത്തു.ചെറിയൊരു വഴി വെട്ടലിനെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിന് വഴിയൊരുക്കിയത്. സംഭവത്തിന്റെ ഗൗരവത്തിലേക്ക് വരണമെങ്കിൽ ഇവിടുത്തെ ഭൂമി ശാസ്ത്രം അല്പമൊന്ന് മനസിലാക്കണം.

കൊച്ചിയുടെ ജെട്ടിയിൽ നിന്ന് പെരുമ്പള്ളിയിലേക്ക് ജംഗാർ സർവീസ് നടത്തിയിരുന്ന ഭാഗത്താണ് 110 കെ.വി.ലൈൻ വലിക്കാൻ സ്ഥലം കണ്ടെത്തിയിരുന്നത്. എന്നാൽ ഈ ഭാഗത്തു നിന്ന് അല്പം തെക്കോട്ടു മാറിയാണ് സുനാമി പാലം പണിതത്. ഇതോടെ 110 കെ.വി ലൈനിന് നിശ്ചയിച്ചിരുന്ന സ്ഥലം സർക്കാർ പുറമ്പോക്കായി മാറി.കാലം കഴിഞ്ഞതോടെ നാട്ടുകാരായ സൽസ്വഭാവികളിൽ ചിലർ 'സ്വല്പം 'പുറമ്പോക്കു വീതം ചുരണ്ടിയെടുക്കാൻ തുടങ്ങി. മറ്റൊരു കാര്യത്തിലും കാട്ടാത്ത മത്സരബുദ്ധി ഇക്കാര്യത്തിൽ പ്രദേശവാസികൾ കാട്ടിയതോടെ നല്ലൊരു പങ്ക് സർക്കാർ ഭൂമിയും പലരുടെയും കൈവശമായി. സുനാമി രക്തസാക്ഷി മണ്ഡപത്തിന് വടക്കുവശത്തു ,10-ാം വാർഡിലെ ആറു വീട്ടുകാർക്ക് റോഡിലേക്ക് കയറുന്നതിന് ചെറിയ നടപ്പാതയായിരുന്നു ആശ്രയം. ഇവർക്ക് വാഹനങ്ങൾ വീടുകളിലെത്തും വിധമുള്ള വഴി സൗകര്യമൊരുക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. തുടർന്ന് കൈയ്യേറ്റക്കാരായ മഹാത്മാക്കളെയും കൈയേറാത്ത മണ്ടന്മാരെയും എല്ലാ കൂട്ടിച്ചേർത്ത് നടപ്പാതയുടെ വീതി കൂട്ടി വഴിയുണ്ടാക്കി. എന്നാൽ കൈയേറ്ര ഭൂമി വിട്ടുകൊടുത്തു വഴിവെട്ടിയാൽ തുടർന്നപ്പുറത്തേക്ക് കിടക്കുന്ന കൈയേറ്റ ഭൂമിയും പഞ്ചായത്തിന്റെ ആവശ്യങ്ങൾക്ക് ഭാവിയിൽ വിട്ടുകൊടുക്കേണ്ടി വരുമെന്ന് ദീർഘദൃഷ്ടിയുള്ള ഏതോ സമർത്ഥൻ പ്രചരിപ്പിച്ചു. കെണി മനസിലായ ഒരു വീട്ടുകാരനും ബന്ധുക്കളും ചേർന്ന് വെട്ടിയ വഴി കെട്ടിയടച്ചു.അതോടെ പ്രദേശത്ത് പുറമ്പോക്ക് സ്ഥലമുണ്ടെന്ന് സമർത്ഥിച്ചെടുക്കാൻ ചിലർ വില്ലേജ് ആഫീസറെ സമീപിച്ച് പുറമ്പോക്കുണ്ടെന്ന് ഉറപ്പാക്കി.

ഈ ഘട്ടത്തിൽ വഴി ആവശ്യമുള്ള വീട്ടുകാർ അനുരഞ്ജനത്തിന് തയ്യാറായി.ഒരു ഓട്ടോ എങ്കിലും കടന്നു പോകാൻ സാധിക്കും വിധമുള്ള വഴി വേണമെന്നായിരുന്നു അവരുടെ ഡിമാൻഡ്. എന്നാൽ എതിർപക്ഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. അതോടെ വഴിയുടെ ആവശ്യക്കാർ കോടതിയെ സമീപിച്ചു.കോടതി ഇത് പരിശോധിക്കാൻ ഒരു കമ്മീഷനെ നിയോഗിച്ചു.കമ്മീഷൻ സ്ഥലം സന്ദർശിക്കുമ്പോൾ, വഴി വെട്ടിയ സ്ഥലത്ത് ഒരു ഷെഡ്ഡ് ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കാൻ താത്കാലിക കുടിൽ കെട്ടി. ഇത് ചോദ്യം ചെയ്യാൻ വഴിയുടെ ആവശ്യക്കാർ ചെന്നു. തലപോയാലും സമ്മതിക്കില്ലെന്ന് മറുപക്ഷവും വാശി പിടിച്ചു. ഇതേ തുടർന്നുള്ള തർക്കമാണ് സംഘട്ടനത്തിലേക്ക് എത്തിയത്.

അടവും ചുവടും പറഞ്ഞുള്ള തല്ല്

ഞായറാഴ്ച രാവിലെ 11 മണിയോടെ കശ്മീർ അതിർത്തിയിൽ സൈനികരെ വിന്യസിക്കും പോലെ പ്രദേശത്ത് വിവിധ പ്രായത്തിലും ശരീരഘടനയിലുമുള്ള വീട്ടുകാർ നിലയുറപ്പിച്ചു. മാതാപിതാക്കൾക്ക് പിന്തുണയുമായി മക്കളും ഇരു ചേരിയായി നിരന്നു. ഏറ്റുമുട്ടലിന് മുന്നോടിയായുള്ള പൂരപ്പാട്ട് മത്സരം രാവിലെ തുടങ്ങി. ഇരുപക്ഷത്തു നിന്നും സാമാന്യം തരക്കേടില്ലാത്തതും ശബ്ദതാരാവലിയിൽ ഉൾക്കൊള്ളിക്കാൻ ശ്രീകണ്ഠേശ്വരം വിട്ടുപോയതുമായ ചില പദങ്ങൾ അന്തരീക്ഷത്തിലൂടെ പാറി പറന്നു. മുൻതലമുറയിലുള്ളവരെ ഭക്ത്യാദരപൂർവം പൂജകബഹുവചനങ്ങൾ ചേർത്ത് വിളിച്ച് ഇരുപക്ഷവും വണങ്ങി. തങ്ങളോടു പോരിന് വന്നാൽ വച്ചേക്കില്ലെന്ന് കലിതുള്ളി നിന്ന ഒരു വീട്ടമ്മ പശുവിനെ കെട്ടിയിരുന്ന പത്തലിൽ തൊട്ട് സത്യം ചെയ്തു. സത്യപ്രതിജ്ഞ നടക്കുന്നതിനിടയിൽ ആൺകേസരികൾ പരിചമുട്ട് തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ അത് കൂട്ടപ്പൊരിച്ചിലായി പരിണമിച്ചു. ഉന്തും തള്ളും കൈവീശിയുള്ള അടിയുമായി സംഗതി വികസിച്ചു. ഈ ഘട്ടത്തിലാണ് ഉറുമിയുമായി ഉണ്ണിയാർച്ച അങ്കത്തട്ടിലിറങ്ങും മട്ടിൽ ഒരു വീട്ടമ്മ പത്തലുമായി മെല്ലെ നീങ്ങിയത്. കൂട്ടപ്പൊരിച്ചിലിൽ അതീവ ശ്രദ്ധയോടെ പോരടിച്ചു നിന്ന മറ്റൊരു വീട്ടമ്മയുടെ തല ലക്ഷ്യമാക്കി ഒറ്റ അടി. ഉന്നം തെറ്റിയ പത്തൽ പിടലിക്കാണ് പതിച്ചതെങ്കിലും അടിയേറ്റ വീട്ടമ്മ നിലവിളിച്ചു നിലത്തുവീണു.

അടി പറ്റിച്ച വീട്ടമ്മ മറ്റൊരു സ്ത്രീയുടെ അടുത്തേക്ക് പത്തലുമായി പാഞ്ഞു. അടിക്കാനും അടി തടയാനും രണ്ട് വീട്ടമ്മമാരും നടത്തിയ പൊരി‌ഞ്ഞ പോരിനുള്ളിൽ ഇരുവരും നിലത്തു വീണു. ഇവരെ ശാസിക്കാനെന്ന മട്ടിൽ ചുള്ളിക്കമ്പും കൈയിലേന്തി വന്ന ഒരു ഗൃഹനാഥനെ മറ്റൊരാൾ വിരട്ടിവിടുന്നതും കാണാമായിരുന്നു. തുടർന്ന് വിശദീകരിക്കാനാവാത്ത വിധമാണ് സംഘട്ടനം പുരോഗമിച്ചത്. കുറെ നേരത്തെ ശക്തമായ ഏറ്റുമുട്ടലിന് ശേഷം പരിക്ഷീണരായതോടെ ഇരുപക്ഷവും പിന്തിരിഞ്ഞു. സാമാന്യം നല്ല രീതിയിൽ പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിലുമായി.

ഈ സംഭവങ്ങളെല്ലാം തുടക്കം മുതൽ പ്രദേശവാസിയായ ഒരു പയ്യൻസ് മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. കൗതുകത്തിന് വേണ്ടി ചെയ്തതാണ്. ദൃശ്യങ്ങൾ പയ്യൻ മറ്റൊരാൾക്ക് കൈമാറി. ആ വിദ്വാനാണ് സോഷ്യൽ മീഡിയയിൽ ഇത് പോസ്റ്റ് ചെയ്തതും നാടാകെ പ്രചരിക്കാൻ കാരണമായതും. ചുരുങ്ങിയ സമയത്തിനുള്ളിലാണ് അഞ്ച് ലക്ഷം 'ലൈക്ക് 'എന്ന നേട്ടത്തിലേക്ക് ആറാട്ടുപുഴ സംഘട്ടനം എത്തിയത്.

ഇതു കൂടി കേൾക്കണേ

ഇത്രയൊക്കെ സംഭവങ്ങൾ അരങ്ങേറിയിട്ടും പ്രദേശമുൾപ്പെടുന്ന തൃക്കുന്നപ്പുഴ പൊലീസ് ആ ഭാഗത്തേക്ക് എത്തി ആരെയും വേദനിപ്പിച്ചില്ല. ചാനലുകളിലെല്ലാം ഇത് പ്രചരിച്ച ശേഷമാണ് പൊലീസ് എത്തി അഞ്ചു പേർക്കെതിരെ കേസെടുത്തത്.