s

# ക്യാമ്പുകൾ തുടങ്ങുന്നതിനെപ്പറ്റി ചർച്ചകൾ


ആലപ്പുഴ: ആശങ്ക പരത്തുംവിധം ഇന്നല പെയ്ക കനത്ത മഴയിൽ ജില്ലയിൽ ജലനിരപ്പുയർന്നു. നൂറ് കണക്കിന് വീടുകളാണ് വെള്ളളിലായത്.

ദേശീയപാതയിൽ അരൂർ- ചേർത്തല ഭാഗത്ത് പലേത്തും വെള്ളം കെട്ടി നിൽക്കുന്നത് ഗതാഗതത്തെ ബാധിച്ചു. കുത്തിയതോട് ഭാഗത്താണ് വെള്ളക്കെട്ട് കൂടുതൽ. ചേർത്തല, കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട് താലൂക്കുകളിൽ ശക്തമായ കാറ്റിലും മഴയിലും പലഭാഗങ്ങളും വെള്ളത്തിൽ മുങ്ങി. ചിലയിടങ്ങളിൽ മരങ്ങൾ കഴപുഴകി വീണു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച ഉച്ചയോടെ തുടങ്ങിയ മഴ തുടരുകയാണ്.

കിഴക്കൻ മേഖലയിൽ മഴ കനത്തതോടെ വെള്ളത്തിന്റെ വരവ് ശക്തമായി. കുട്ടനാട്ടിലെ ജലനിരപ്പും ഉയർന്നു. വാഴയും മറ്റ് കരകൃഷികളും നശിച്ചു. മറ്റ് നാശനഷ്ടങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തഹസിൽദാർമാർ അറിയിച്ചു. ആലപ്പുഴ നഗരത്തിലെ കാണകളിലെ നീരൊഴുക്ക് സുഗമമാക്കാത്തതിനാൽ ചെറിയൊരു മഴയിൽ പോലും റോഡുകളിലേക്ക് വെള്ളം കയറുന്നത് പതിവാണ്.

കടൽ പ്രഷുബ്ധമാണെങ്കിലും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട് അമ്പലപ്പുഴ വടക്ക് തെക്ക്, പുന്നപ്ര, മാരാരിക്കുളം പഞ്ചായത്തുകളുടെ തീരത്തും ഒറ്റമശേരി, ആലപ്പുഴ ബീച്ചിലും കടൽ പ്രഷുബ്ധമായി. കിഴക്കൻ വെള്ളത്തിന് വരവ് ശക്തമായാൽ തോട്ടപ്പള്ളി പൊഴിമുഖം കടലിലേക്ക് തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കാനുള്ള മുന്നൊരുക്കം പൂർത്തിയായി. അരൂർ, തുറവൂർ, പള്ളിത്തോട് ഭാഗങ്ങളിലെ താഴ്ന്ന ഭാഗങ്ങളിൽ നിരവധി വീ‌ടുകൾ വെള്ളത്തിലാണ്.

ദേശീയജലപാത വഴി കായംകുളം കായലിലേക്ക് പ്രളയജലം ഒഴുകിപ്പോകുന്നത് ആശ്വാസം പകരുന്നു.കാർത്തികപ്പള്ളി താലൂക്കിന്റെ വടക്കുഭാഗത്തെ പഞ്ചായത്തുകളിലെ താഴ്ന്ന ഭാഗങ്ങളിലെ നിരവധി വീടുകൾ വെള്ളപൊക്ക ഭീഷണിയിലാണ്. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ സിവിൽ സപ്ളൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യാൻ കഴിഞ്ഞ ദിവസം കൂടിയ അവലോകന യോഗത്തിൽ തീരുമാനമായി. കുട്ടനാട്ടിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ട് ദിവസംകൂടി മഴപെയ്താൽ ജലനിരപ്പ് അപകടകരമാം വിധം ഉയരും. കിഴക്കൻ വെള്ളിന്റെ വരവ് തുടങ്ങിയത് വല്ലാത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

കനത്ത മഴയിലും കാറ്റിലും കാർത്തികപ്പള്ളി താലൂക്കിലെ

മുതുകുളം വടക്ക് മാപ്ലേത്ത് കിഴക്കതിൽ കൃഷ്ണനാചാരിയുടെ ഷീറ്റ് മേഞ്ഞ വീട് മരം വീണ് തകർന്നു. പള്ളിപ്പാട് മുട്ടം പത്മാലയത്തിൽ പ്രസാദിന്റെ ഓട് മേഞ്ഞ വീടിന്റെ ചുമര് ഇടിഞ്ഞു വീണ് തകർന്നു. വിവിധ പ്രദേശങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീട് ഗതാഗത തടസമുണ്ടായി.

തീരത്തും നാശം

പൂച്ചാക്കൽ: കനത്ത മഴയിൽ പൂച്ചാക്കൽ ഭാഗത്തെ പല പ്രദേശങ്ങളിലെയും വീടുകളും റോഡുകളും വെള്ളത്തിനടിയിലാണ്. സുഭിക്ഷ കേരളം പദ്ധതിയിലും മറ്റ് പരമ്പരാഗത രീതിയിലും കൃഷി ചെയ്തവർക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

അരൂക്കുറ്റി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം രണ്ടര ഏക്കറിൽ പുത്തൻപുരയ്ക്കൽ പി.എം.സുബൈർ,കരനെൽകൃഷിക്കായി നട്ട ഞാറുകൾ മുഴുവൻ മഴവെള്ളത്തിൽ ഒലിച്ചുപോയി. വേമ്പനാട്ടു കായലിലെജലനിരപ്പ് ഉയർന്നതോടെ, പാണാവള്ളി പഞ്ചായത്തിലെ കായലോര പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. പൂച്ചാക്കൽ വരേക്കാട് ഭാഗത്തും തൈക്കാട്ടുശേരി പള്ളി കടവ് ഭാഗത്തും വെള്ളക്കെട്ടായി. പള്ളിപ്പുറം തവണക്കടവ് പ്രദേശത്ത് ഗ്രാമീണ റോഡുകളെല്ലാം മുങ്ങിയതോടെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

.............................

# ജാഗ്രത വേണം


കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിൽ കായലുകളിലെ മത്സ്യബന്ധനം പരമാവധി ഒഴിവാക്കണം. കാറ്റ് ശക്തമായാൽ ദുരന്തസാദ്ധ്യത കൂടുതലാണ്

ഫയർഫോഴ്‌സ്, ആലപ്പുഴ

...........................

ആലപ്പുഴ: മഴ ശക്തിപ്പെട്ടതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാനും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനും തയ്യാറെടുത്ത് ജില്ലാ ഭരണകൂടം. തീരപ്രദേശങ്ങളിലെ ചെറിയ പൊഴികൾ ആവശ്യമെങ്കിൽ മുറിച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് തദ്ദേശ സ്ഥാപന അധികാരികളോട് കളക്ടർ നിർദ്ദേശിച്ചു. പഞ്ചായത്തുകളിൽ ക്വാറന്റൈനിൽ കഴിയുന്ന ആളുകൾ, കിടപ്പ് രോഗികൾ, പ്രായമായവർ എന്നിവരുടെ കണക്ക് എടുക്കണം. ദുരിതാശ്വാസ ക്യാമ്പുകൾക്കായി 412 കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സമീപ ജില്ലകളിൽ മഴ ശക്തിപ്പെട്ടതോടെ ആലപ്പുഴ ജില്ലയിലെ നദികളിലെ ജലനിരപ്പ് നിരീക്ഷിക്കാൻ ഇറിഗേഷൻ വകുപ്പിനും കെ.എസ്.ഇ.ബിയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ അഗ്‌നിശമന സേനയുടെ സഹായത്തോടെ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിക്കാനും യോഗത്തിൽ നിർദ്ദേശം നൽകി.

 ദുരിതാശ്വാസ ക്യാമ്പിനായി

കണ്ടെത്തിയ കെട്ടിടങ്ങൾ

കാർത്തികപ്പള്ളി:111

ചെങ്ങന്നൂർ:80

അമ്പലപ്പുഴ: 37

മാവേലിക്കര: 45

കുട്ടനാട് :54

ചേർത്തല: 85

................................................