അനുകൂലിച്ചും പ്രതിഷേധിച്ചും പ്രതികരണങ്ങൾ

കായംകുളം: കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച കായംകുളത്ത് ബക്രീദ് പ്രമാണിച്ച് ഇറച്ചി മാർക്കറ്റ് പ്രവർത്തിക്കാൻ കളക്ടറുടെ അനുമതി. കോവിഡ് മാനണ്ഡങ്ങൾ പാലിച്ച് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തനാനുമതി നൽകിയതായി നഗരസഭ ചെയർമാൻ എൻ.ശിവദാസൻ പറഞ്ഞു.

ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി നഗരത്തിലെ കടകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് യു. പ്രതിഭ എം.എൽ.എ കളക്ടർക്ക് കത്തു നൽകിയിരുന്നു. പെരുന്നാൾ പ്രമാണിച്ചുള്ള ഇറച്ചി വ്യാപാരം നടക്കട്ടെയെന്ന നിലപാടാണ് നഗരസഭ ചെയർമാനും കളക്ടറെ അറിയിച്ചത്. ഇതോടെ ഒരു മാസമായി വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയായിരുന്ന കായംകുളത്ത് ഇറച്ചിക്കച്ചവടം തകൃതിയായി. ഇന്നലെ ആർക്കും രോഗം സ്ഥിരീകരിച്ചില്ലെങ്കിലും ആകെ രോഗ ബാധിതരുടെ എണ്ണം 116 ആണ്. 300 പേരുടെ ഫലങ്ങൾ വരാനുമുണ്ട്. ആശങ്ക മാറിയിട്ടില്ലെന്നും സമ്പർക്ക വ്യാപനം തുടരുകയാണന്നും ചെയർമാൻ എൻ.ശിവദാസൻ പറഞ്ഞു. നഗരത്തിൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുള്ളത്.

സസ്യമാർക്കറ്റ് സ്ഥിതിചെയ്യുന്ന 9-ാം വാർഡിൽ രോഗവ്യാപനം നടക്കുന്നത് അങ്ങേയറ്റം ജാഗ്രതയോടുകൂടി കാണണം. ഇവിടെ ക്ലസ്റ്റർ തിരിച്ച് ബോധവത്കരണവും ശുചീകരണ പ്രവർത്തനവും നടത്തുമെന്നും ചെയർമാൻ പറഞ്ഞു.

........................................................

ജനങ്ങളുടെ ദുരിതം ജില്ലാഭരണകൂടത്തെ അറിയിക്കാൻ എം.എൽ.എയ്ക്ക് കഴിയാതെ പോയതാണ് മാർക്കറ്റു മൊത്തത്തിൽ തുറക്കണമെന്ന ആവശ്യം തള്ളാൻ കാരണം. തന്റെ ഫണ്ടിൽനിന്നും മറ്റ് കാര്യങ്ങൾക്ക് എം.എൽ.എ പണം ചെലവഴിക്കുമ്പോഴും കോവിഡ് പ്രതിരോധത്തിനായി ചില്ലിക്കാശു പോലും വിനിയോഗിക്കുന്നില്ല.തുറവൂർ സർക്കാർ ആശുപത്രിയിൽ 50 ലക്ഷം മുടക്കി ട്രൂനാട്ട് മെഷീൻ സ്ഥാപിച്ചുകഴിഞ്ഞു.കായംകുളം താലൂക്ക് ആശുപത്രിയിൽ വാഗ്ദാനങ്ങൾ മാത്രമേയുള്ളൂ

എ.ജെ. ഷാജഹാൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്

............................

ബക്രീദ് പ്രമാണിച്ച് കായംകുളം നഗരത്തിലെ മത്സ്യം, പച്ചക്കറി, ഇറച്ചിമാർക്കറ്റുകളും ടൗണിലെ കടകളും മാത്രം തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കളക്ടർക്ക് കത്തയച്ച എം.എൽ.എ നഗരത്തിലെ ഇതര ഭാഗങ്ങളിലുള്ള ജനങ്ങളോടും വ്യാപാരികളോടും കാണിച്ചത് കൊടിയ വഞ്ചനയാണ്. കൊവിഡില്ലാത്ത 30 വാർഡുകളിലെ ജനങ്ങളുടെ ദുരിതം കാണാൻ എം.എൽ.എയ്ക്ക് കഴിഞ്ഞില്ല

ഡി. അശ്വിനീദേവ്, ബി.ജെ.പി നഗരസഭ പാർലമെൻറ്ററി പാർട്ടി ലീഡർ

.............................