ആലപ്പുഴ: മുഹമ്മ കണർകാട്ടെ പി. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കേ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന എസ്.എഫ്.ഐ മുൻ നേതാവ് ലതീഷ് ചന്ദ്രൻ, സി.പി.എം കണർകാട് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പി. സാബു, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ദീപുമോൻ, രാജേഷ്, പ്രമോദ് എന്നിവരാണ് പ്രതികൾ.

പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. ബദറുദ്ദീൻ മുമ്പാകെ 2019 മാർച്ച് 14നാരംഭിച്ച സാക്ഷി വിസ്താരം ഒക്ടോബറിൽ പൂർത്തിയായിരുന്നു. കഴിഞ്ഞ ദിവസമാണ് ക്രോസ് വിസ്താരം പൂർത്തിയായത്. സി.പി.എമ്മിൽ വിഭാഗീയത നിലനിന്നിരുന്ന അവസരത്തിലാണ് സ്മാരകത്തിന് തീയിട്ടതെന്ന് പ്രാദേശിക നേതാക്കൾ കോടതിയിൽ മൊഴിനൽകി. മുതിർന്ന സി.പി.എം നേതാവ് ടി.കെ. പളനി അടക്കമുള്ളവർ സാക്ഷിപ്പട്ടികയിൽ ഉൾപ്പെട്ടത് വലിയ ചർച്ചയായി.

2013 ഒക്ടോബർ 31ന് പുലർച്ചെ 1.30നാണ് സ്മാരകം തകർത്തത്. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 2016 ഏപ്രിൽ 28നാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. ആദ്യം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി.വി. ലുമുംബെയും പിന്നീട് ഇപ്പോഴത്തെ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ടി.ജി. സനൽകുമാറുമാണ് പ്രോസിക്യൂഷനായി ഹാജരായത്. പ്രതികൾക്കായി അഭിഭാഷകരായ പി. റോയി, ബി. ശിവദാസ്, സി.കെ. സജീവൻ എന്നിവർ ഹാജരായി.