ഹരിപ്പാട്: കുമാരപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ളിപ്തം നമ്പർ 1449ന്റെ ആഭിമുഖ്യത്തിൽ കൊവി‌ഡ് അതിജീവന പാക്കേജുകൾ നടപ്പാക്കും. ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ളവർക്കാണ് പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കുന്നത്. സംസ്ഥാന സഹകരണ വകുപ്പിന്റെ നിർദ്ദേശാനുസരണം 20 കോടി രൂപയുടെ പാക്കേജുകളാണ് നടപ്പിലാക്കുന്നത്. കർഷക സമൃദ്ധി സ്വർണ്ണപ്പണയ വായ്പ പ്രകാരം കൃഷിയുടെ വ്യാപനത്തിനായി കർഷകർക്ക് 6.8 ശതമാനം പലിശയ്ക്ക് രണ്ട് ലക്ഷം രൂപ വരെ നൽകും. വിദ്യാഭ്യാസത്തിനാവശ്യമായ സംവിധാനങ്ങൾ വാങ്ങുന്നതിന് 10000 മുതൽ 25000 രൂപ വരെ ആൾ ജാമ്യത്തിൽ വായ്പ. വനിതകൾ അംഗങ്ങളായ സ്വാശ്രയ ഗ്രൂപ്പുകൾക്ക് സ്വയംതൊഴിലിനായി ഒരംഗത്തിന് 1.5 ലക്ഷം രൂപ വരെ 10 ശതമാനം പലിശയിൽ ലഭിക്കും. കൊവിഡ് അതിജീവന ചിട്ടികൾ, കുടുംബശ്രീ മുഖേന ഒരാൾക്ക് 5000 മുതൽ 50000 രൂപ വരെ വായ്പ നൽകുന്ന മുറ്റത്തെ മുല്ല പദ്ധതി, ജൈവ കൃഷിയ്ക്കായി 100 കർഷകർക്ക് 5000 മുതൽ 10000 രൂപ വരെ പലിശ രഹിത വായ്പ, സി.ഡി.എസിന്റെ ശുപാർശ പ്രകാരം കുടുംബശ്രീ യൂണിറ്റുകൾക്ക് മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതി പ്രകാരം വായ്പ. ഇതിന്റെ പലിശ സർക്കാർ നൽകും. അഗ്രോ ക്ളിനിക്, കുടുംബശ്രീ വായ്പകൾ, സംയാജിത കാർഷിക പദ്ധതി, കാർഷിക വിപണി എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നതെന്ന് പ്രസിഡന്റ് എം.സത്യപാലൻ, സെക്രട്ടറി ഡി.ശ്രീജിത്ത് എന്നിവർ അറിയിച്ചു.