ആലപ്പുഴ: മുഹമ്മ കണർകാട്ടെ പി.കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ.ബദറുദ്ദീൻ മുമ്പാകെ 2019 മാർച്ച് 14ന് ആരംഭിച്ച സാക്ഷി വിസ്താരം ഒക്ടോബറിൽ പൂർത്തിയായിരുന്നു. ക്രോസ് വിസ്താരം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കേ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന എസ്.എഫ്.ഐ മുൻ നേതാവ് ലതീഷ് ചന്ദ്രൻ, സി.പി.എം കണർകാട് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പി.സാബു, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ദീപുമോൻ,രാജേഷ്,പ്രമോദ് എന്നിവരാണ് പ്രതികൾ.

ആകെയുള്ള 79 സാക്ഷികളിൽ 53പേരെ പ്രോസിക്യൂഷൻ വിസ്തരിച്ചു. വിസ്താരത്തിന്റെ ആദ്യ ദിനം തന്നെ ഒന്നു മുതൽ മൂന്ന് വരെയുള്ള സാക്ഷികൾ ഉൾപ്പെടെ 13പേർ കൂറു മാറിയിരുന്നു. സി.പി.എമ്മിൽ വിഭാഗീയത നിലനിന്നിരുന്ന അവസരത്തിലാണ് മുഹമ്മ കണർകാട്ടെ പി.കൃഷ്ണപിള്ള സ്മാരകത്തിന് തീയിട്ടതെന്ന് പ്രാദേശിക സി.പി.എം നേതാക്കൾ കോടതിയിൽ മൊഴിനൽകി.മുതിർന്ന സി.പി.എം നേതാവ് ടി.കെ.പളനി അടക്കമുള്ളവർ സാക്ഷിപ്പട്ടികയിൽ ഉൾപ്പെട്ടത് വലിയ ചർച്ചയായി.

2013 ഒക്ടോബർ 31ന് പുലർച്ചെ 1.30നായായിരുന്നു സംഭവം. പി. കൃഷ്ണപിള്ള ഒളിവിൽ താമസിക്കവേ പാമ്പു കടിയേറ്റ് മരിച്ച ചെല്ലിക്കണ്ടത്തിൽ വീടാണ് സ്മാരകമായി സി.പി.എം നിലനിറുത്തിയിട്ടുള്ളത്. ഈ വീടിന് തീയിട്ട ശേഷം വീടിന് മുന്നിലെ കൃഷ്ണപിള്ള പ്രതിമയ്ക്ക് നാശം വരുത്തുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസാണ് കേസ് അന്വേഷിച്ചതെങ്കിലും പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറി. 2016 ഏപ്രിൽ 28ന് കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. കൃഷ്ണപിള്ള സ്മാരകം തകർക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് തൊട്ടടുത്ത് കായിപ്പുറത്തുള്ള ഇന്ദിര ഗാന്ധി പ്രതിമയും ആക്രമിക്കപ്പെട്ടിരുന്നു. ഇതിനു പിന്നിലും ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഈ കേസിലും ലതീഷായിരുന്നു ഒന്നാം പ്രതി. പാർട്ടിയിൽ ഉണ്ടായിരുന്ന സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിലുള്ള വിരോധം കൊണ്ടാണ് പ്രതികൾ കൃഷ്ണപിള്ള സ്മാരകം അക്രമിച്ചതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇന്ദിര ഗാന്ധി പര്തിമ തകർത്ത കേസിലെ പ്രതികളെയെല്ലാം കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ആദ്യം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി.വി.ലുമുംബെയും പിന്നീട് ഇപ്പോഴത്തെ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ടി.ജി.സനൽകുമാറുമാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പി.റോയി,ബി.ശിവദാസ്,സി.കെ.സജീവൻ എന്നിവർ ഹാജരായി.