നടക്കുന്നത് റോഡിന്റെ മുഖം മാറ്റുന്ന നിർമ്മാണം
ആലപ്പുഴ: കൈവരിയോട് കൂടിയ നടപ്പാത, മികച്ച ഡ്രെയിനേജ് സംവിധാനം, പുത്തൻ റോഡ് എന്നിങ്ങനെ ജനറൽ ആശുപത്രി - കൊട്ടാരപ്പാലം റോഡിന്റെ മുഖഛായ മാറ്റുന്ന നവീകരണ പ്രവർത്തനങ്ങൾക്ക് മഴ വില്ലനാകുമോ എന്ന് ആശങ്ക. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും നിർമ്മാണ സാമഗ്രികൾ ലഭിക്കാനുള്ള കാലതാമസം മെല്ലെപ്പോക്കിന് കാരണമാകുന്നു. ഇതിനിടെയാണ് വില്ലനായി മഴയുടെ വരവ്.
റോഡിന്റെ ഇരുവശത്തുമുള്ള കാനയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഒരു വശത്ത് സാധാരണ കാനയും, മറുവശത്ത് ഡെക്കിംഗ് ഡ്രെയിനേജ് സംവിധാനവുമാണ് . മഴ മാറിയാൽ കാന നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് റോഡുപണി ആരംഭിക്കാനാവും. വശങ്ങളിൽ കൈവരിയോട് കൂടിയ നടപ്പാതയാണ് വിഭാവനം ചെയ്യുന്നത്. ടെലിഫോൺ, വൈദ്യുതി കേബിളുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സംവിധാനവും ഒരുക്കും. രണ്ടര കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന റോഡിന്റെ നവീകരണം പൊതുമരാമത്ത് വകുപ്പാണ് നടത്തുന്നത്. അമ്പലപ്പുഴ-തിരുവല്ല റോഡിന്റെ മാതൃകയിലാവും റോഡ് നിർമ്മാണം. ഇരു വശത്തും കെട്ടി അടച്ചിരിക്കുന്നതിനാൽ കെ.എസ്.അർ.ടി.സി ഉൾപ്പടെ ഇരുമ്പുപാലം വഴി കറങ്ങിയാണ് പോകുന്നത്.
....................
ജനറൽ ആശുപത്രി - കൊട്ടാരപ്പാലം റോഡ്
നീളം-ഒന്നേകാൽ കിലോ മീറ്റർ
വീതി-ഏഴ് മീറ്റർ
കാനയോടുകൂടിയ നടപ്പാത(ഇരുവശവും)-രണ്ട് മീറ്റർ വീതിയിൽ
കലുങ്കുകൾ - രണ്ട്
നിർമാണച്ചെലവ് - 2.5കോടി രൂപ
..............................
കൊവിഡ് നിയന്ത്രണങ്ങൾ മൂലം നിർമ്മാണ സാമഗ്രികൾ ലഭിക്കാൻ കാലതാമസം നേരിടുന്നുണ്ടെങ്കിലും അത് നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല. എന്നാൽ മഴ കനത്താൽ പണി പൂർത്തിയാവാൻ കാലതാമസം നേരിടും. പരമാവധി മൂന്നു മാസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ
- പി.ഡബ്ല്യു.ഡി അധികൃതർ