ആലപ്പുഴ: ആലപ്പുഴ ബൈപാസ് സെപ്തംബറിൽ പൂർത്തിയാവുമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു.പൊതുമരാമത്ത് ചീഫ് എൻജിനിയറും കരാർ കമ്പനിയും ഇക്കാര്യം ഉറപ്പുനൽകിയതായും അദ്ദേഹം വ്യക്തമാക്കി.2017ൽ പൂർത്തീകരിക്കേണ്ട റെയിൽവെ ഓവർ ബ്രിഡ്ജിന്റെ നിർമ്മാണത്തിന് അനുമതി കിട്ടാൻ തടസമുണ്ടായതുമൂലമാണ് നിർമ്മാണം പൂർത്തിയാകാൻ വൈകിയത്. റെയിൽവേ ഓവർ ബ്രിഡ്ജിന്റെ ഭാഗമായ ഗർഡറുകൾ സ്ഥാപിച്ചുകഴിഞ്ഞു. അനുബന്ധ ജോലികൾ പുരോഗമിക്കുകയാണ്. കോൺക്രീറ്റ് ജോലികൾ ആഗസ്റ്റ് 15 ഓടെ തീർക്കാൻ കഴിഞ്ഞേക്കും. ഇതിനു ശേഷം ഓവർ ബ്രിഡ്ജിന്റെ ഉപരിതലംമാസ്റ്റിക് അസ്ഫാൾട്ട് ടാറിംഗ് ചെയ്യുന്നതിനായി തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളെ ഉടൻ എത്തിക്കുമെന്ന് കരാർ കമ്പനി ഉറപ്പു നൽകി.സംസ്ഥാന ഫണ്ട് ഉപയോഗിച്ചുള്ള കൊമ്മാടി, കളർകോട് ജംഗ്ഷനുകളുടെ നവീകരണവും സർവീസ് റോഡുകളുടെ നിർമാണവുംആഗസ്റ്റ് 15ഓടുകൂടി പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ബൈപാസിൽ നിലവിലുള്ള ദേശീയപാത അതോറിറ്റിയുടെ ഡി.പി.ആറിൽ പറഞ്ഞിട്ടുള്ള വഴിവിളക്കുകൾ കൂടാതെ സംസ്ഥാന ഫണ്ട് ഉപയോഗിച്ച്
ഇരുവശങ്ങളിലായി 400 ഓളം വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനും സിഗ്നൽ സംവിധാനംഒരുക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.കൊവിഡ് പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ നിന്ന് എത്തുന്ന തൊഴിലാളികൾക്ക് ആവശ്യമായ ക്വാറന്റൈൻ സംവിധാനം ഒരുക്കുന്നതിനും ടാറിംഗ് ജോലികളുടെ മേൽനോട്ടം വഹിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും
നിർദ്ദേശം നൽകിയതായും മന്ത്റി അറിയിച്ചു.