kannan-shaji

ആലപ്പുഴ: മുല്ലയ്ക്കൽ തെരുവിൽ പട്ടാപ്പകൽ ബൈക്കിലെത്തി സ്ത്രീയുടെ പഴ്സ് കവർന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. അമ്പലപ്പുഴ പുതുവൽ വീട്ടിൽ കണ്ണൻ (23) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച വൈകിട്ട് 5നാണ് തിരുവമ്പാടി സ്വദേശിയായ വീട്ടമ്മയുടെ 400 രൂപയും 1500രൂപ വിലയുള്ള മൊബൈൽ ഫോണുമടങ്ങിയ പഴ്സ് പ്രതി തട്ടിയെടുത്തത്. പ്രദേശത്തെ സി.സി.ടിവികളിൽ പതിഞ്ഞ ചിത്രം അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് 24 മണിക്കൂറിനുള്ളിൽ പ്രതി വലയിലായത്. ബൈക്കിന്റെ നമ്പർ പ്ളേറ്റ് മറച്ച നിലയിലായിരുന്നു. എന്നാൽ, ബൈക്കിന്റെ പ്രത്യേകതകളാണ് പ്രതിക്ക് വിനയായത്. എക്സ്ട്രാ ഫിറ്റിംഗ്സ് നടത്തിയിട്ടുള്ള ബൈക്ക് കേന്ദ്രീകരിച്ച് സർവീസ് സെന്ററുകളിൽ അന്വേഷണം നടത്തിയാണ് പ്രതിയെ കുടുക്കിയത്. നോർത്ത് സി.ഐ വിനോദ്, എസ്.ഐ ടോൾസൺ പി.ജോസഫ്, സി.പി.ഒമാരായ എൻ.എസ്.വിഷ്ണു, ബിനു എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.കണ്ണനിൽ നിന്ന് തൊണ്ടിമുതലടക്കം പിടിച്ചെടുത്തു. ഇയാളെ ഇന്ന് കേടതിയിൽ ഹാജരാക്കും.