അമ്പലപ്പുഴ: കളർകോട് ഭാഗത്തെ ഇറച്ചിക്കടയിലേക്ക് കൊണ്ടുവന്ന പോത്തിനെ വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ വിറളി പിടിച്ച് ഓടിയത് പ്രദേശത്ത് ഭീതി പരത്തി. രാവിലെ എട്ടിന് ഓടിയ പോത്തിനെ 12.30 ഓടെയാണ് നാട്ടുകാരും പൊലീസും ചേർന്ന് പിടിച്ചു കെട്ടിയത്.

കളർകോട് ദേശീയ പാതയിൽ നിന്ന് 5 കിലോമീറ്ററോളം ഓടി അറവുകാട് ക്ഷേത്രത്തിന് കിഴക്ക് ഭാഗത്ത് എത്തി പൂക്കട തട്ട് നടത്തിയിരുന്ന സ്ത്രീയെ ഇടിച്ചിട്ടു. വഴിയരികിൽ ലോട്ടറി വില്പന നടത്തിയിരുന്നയാളെയും ഇടിച്ചു. റോഡരികിൽ നിറുത്തി യിട്ടിരുന്ന ആട്ടോറിക്ഷയും ഇടിച്ചു മറിച്ചു. തുടർന്ന് ഒരു കിലോമീറ്റർ അകലെയുള്ള വീടിനും നാശനഷ്ടം വരുത്തി. പോത്തിനെ പിടികൂടാൻ നാട്ടുകാരും പിന്നാലെ ഓടി. വിവരം അറിഞ്ഞെത്തിയ പുന്നപ്ര എസ്.എച്ച്.ഒ പി.വി. പ്രസാദ്, എസ്. ഐ. അജിത്ത് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ വിനിൽ, ഉണ്ണിക്കൃഷ്ണൻ, കൃഷ്ണൻ എന്നിവർ രണ്ടു ജീപ്പുകളിലായി എത്തി. ഊടുവഴികളിലൂടെ ഒന്നര കിലോമീറ്ററോളം പോത്തിന്റെ പിന്നാലെ ഓടി. പുന്നപ്ര കപ്പക്കടയ്ക്ക് 500 മീറ്റർ കിഴക്ക് ഭാഗത്തുള്ള ചതുപ്പ് നിലത്ത് എത്തിയ പോത്തിനെ ഉച്ചയോടെ വടങ്ങൾ ഉപയോഗിച്ച് സാഹസമായി കീഴ്പെടുത്തി.