രണ്ട് വീടുകൾ തകർന്നു മരങ്ങൾ കടപുഴകി
ചേർത്തല: ഇന്നലെ രാത്രി മുതൽ തോരാതെ പെയ്യുന്ന മഴയിൽ ചേർത്തല താലൂക്കിൽ 3600 വീടുകൾ വെള്ളത്തിലായി.രണ്ട് വീടുകൾ തകർന്നു. ഏഴു വീടുകൾക്ക് ഭാഗികനാശമുണ്ടായി.മഴക്കൊപ്പം വേലിയേറ്റം ശക്തമായതും വെള്ളക്കെട്ടിനു കാരണമായി.പെയ്ത്തുവെളളം കടലിലേക്കൊഴുകാത്തതാണ് വെള്ളക്കെട്ടിനു കാരണമാകുന്നത്.അന്ധകാരനഴി പൊഴി മുറിക്കാൻ പ്രാഥമിക നടപടികൾ ചെയ്തിട്ടുണ്ടെങ്കിലും വെള്ളം ഒഴുകിമാറുന്നില്ല.
മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ 44 മരങ്ങൾ കടപുഴകി.
പട്ടണക്കാട്,കടക്കരപ്പള്ളി,ചേർത്തലതെക്ക്,തുറവൂർ തുടങ്ങിയ തീരദേശ പഞ്ചായത്തുകളിലാണ് കൂടുതൽ ദുരിതം. കുത്തിയതോട്ടിലും തുറവൂരിലുമായി രണ്ടു വീടുകൾ തകർന്നിട്ടിട്ടുണ്ട്. മരം വീണ് ഏഴു വീടുകൾക്കു ഭാഗികമായി കേടുപാടുകൾ പറ്റി.വെള്ളക്കെട്ട് ഭീഷണിനേരിടുന്ന പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾക്കായി സ്കൂളുകളടക്കം 84 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 18 ഇലക്ട്രിക് പോസ്റ്റുകൾ ഒടിയുകയും നിരവധി സ്ഥലങ്ങളിൽ ലൈനുകളിലേക്കു മരം വീഴുകയും ചെയ്തു.അഗ്നിശമന സേനയുടെയും സഹായത്തിലാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.
ചേർത്തല തെക്ക് പഞ്ചായത്തിൽ ചേന്നവേലി,അർത്തുങ്കൽ പൊഴികൾ ഇന്നലെ ഉച്ചയോടെ തുറന്നു.