s

 സൈക്കിൾ ഈ ആഴ്ച വെള്ളത്തിലേക്ക്

മാന്നാർ: സൈക്കിളിനെ വെള്ളത്തിലോടുന്ന പരുവത്തിലാക്കിക്കൊണ്ടിരിക്കുന്ന 'ബോംബെ മേസ്തരി'യുടെ കഥയ്ക്കു പിന്നിലൊരു വാശിയുണ്ട്. കഴിഞ്ഞ പ്രളയകാലത്തെ വാശി! ഭാര്യവീട്ടിലേക്ക് നടന്നോ വാഹനത്തിലോ പോകാൻ കഴിയാതിരുന്നതിന്റെ ചൊരുക്ക് അഴിച്ചെടുക്കുന്നതിന്റെ ആശ്വാസവുമുണ്ട് ബോംബെ ഗാരേജിന്റെ നടത്തിപ്പുകാരൻ കൂടിയായ മേസ്തരിക്ക്.

മാന്നാർ പഞ്ചായത്ത് ഓഫീസിനു സമീപം 'ബോംബെ ഗാരേജ്' എന്ന ഇരുചക്ര വാഹന വർക്ക് ഷോപ്പ് നടത്തുന്ന കുരട്ടിക്കാട് ഭാർഗവി സദനത്തിൽ മോഹനകൃഷ്ണനാണ് (65) ബോംബെ മേസ്തരി. 22 വർഷം മുൻപ് മുംബയിൽ വാഹന മെക്കാനിക്ക് ആയി ജോലി നോക്കിയതുകൊണ്ടാണ്‌ ബോംബെ മേസ്തരി എന്ന വിളിപ്പേര് വന്നത്. 2018ലെ പ്രളയത്തിൽ, ഭാര്യ വീടായ ബുധനൂരിൽ പോകാൻ സാധിക്കാതെ വന്നപ്പോഴാണ് വെള്ളത്തിലോടുന്ന സൈക്കിളിനെപ്പറ്റി ആലോചിച്ചത്. പഴയ റാലി സൈക്കിളിന്റെ ഫ്രെയിം, ലൂണയുടെ സീറ്റ്, ചക്രക്കസേരയുടെ വീലുകൾ എന്നിവ ഉപയോഗിച്ച് നിർമ്മാണം തുടങ്ങി. കാറിന്റെ എസിയുടെ രണ്ടു മോട്ടോറും ഘടിപ്പിച്ചിട്ടുണ്ട്. സൈക്കിൾ ചവിട്ടിയും മോട്ടോർ പ്രവർത്തിപ്പിച്ചും ഓടിക്കാവുന്ന തരത്തിലുള്ളതാണ് സൈക്കിൾ. ഇതുവരെ ഒരു ലക്ഷത്തോളം രൂപ ചെലവായി.

പി.വി.സി പൈപ്പ് ഉപയോഗിച്ചാണ് ബാറ്ററി കവർ ഉണ്ടാക്കിയത്. മൂന്ന് ബാറ്ററിക്കുള്ള സ്ഥലമുണ്ട്. സൗരോർജ്ജത്തിലും സൈക്കിൾ പ്രവർത്തിക്കുമെന്ന് മോഹനകൃഷ്ണൻ പറയുന്നു. വെള്ളത്തിൽ കൂടി പോകാനായി രണ്ട് വശത്തും ബുള്ളറ്റ് ബൈക്കിന്റെ ട്യൂബ് പി.വി.സി പൈപ്പിനകത്തുവച്ച് വെള്ളം കയറാത്ത രീതിയിൽ സീൽ ചെയ്തു കാറ്റ് നിറച്ചു ഉണ്ടാക്കിയെടുത്ത സംവിധാനമാണ് ഉപയോഗിക്കുന്നത്. വെള്ളത്തിലേക്ക് ഇറങ്ങുമ്പോൾ ഇത് സൈക്കിളിൽ ഘടിപ്പിക്കണം. വേഗത്തിൽ ചേർക്കാനും അഴിച്ചെടുക്കാനും കഴിയും. വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന സൈക്കിൾ മുന്നോട്ട് പോകാൻ സഹായിക്കാനായി ഒരു പ്രൊപ്പല്ലറും തയ്യാറാക്കിയിട്ടുണ്ട്.

 വേണമെങ്കിൽ ചക്കയും പൊതിക്കാം!

പത്താം ക്ലാസുകാരനായ മോഹനകൃഷ്ണൻ ചെറിയ കണ്ടുപിടുത്തങ്ങളിലൂടെ നാട്ടിൽ അറിയപ്പെടുന്നയാളാണ്. ചക്ക പൊതിക്കുന്ന യന്ത്രമാണ് മറ്റൊന്ന്. സൈക്കിൾ നിർമ്മിക്കുന്നത് വില്പന ലക്ഷ്യമാക്കിയല്ലെന്നും ഈ ആഴ്ചയോടെ നിർമ്മാണം പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ: ശ്യാമള ഭായ്. മക്കൾ: ശ്യാം (ടു വീലർ മെക്കാനിക്ക്), ശാലിനി (അദ്ധ്യപിക), ശരത് (ആർമി). ഫോൺ: 9656255120