കായംകുളം∙ റെയിൽവേ ട്രാക്കിലൂടെ ബൈക്ക് സവാരി നടത്തിയ രണ്ട് യുവാക്കൾക്ക് എതിരെ റെയിൽവേ പൊലീസ് കേസ് എടുത്തു. ഇന്നലെ കരുനാഗപ്പള്ളി വവ്വാക്കാവ് ലെവൽ ക്രോസിന് സമീപമായിരുന്നു സംഭവം. ട്രാക്കിലൂടെ യാത്ര ചെയ്യുന്നത് കണ്ട ഗേറ്റ് കീപ്പർ റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തുന്നത് കണ്ട യുവാക്കൾ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് ബൈക്ക് കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. ബൈക്ക് ഇന്ന് കോടതിയിൽ ഹാജരാക്കും. പന്മന വഴുതയിൽ വടക്കതിൽ ദീപുവിന്റെ പേരിലുള്ളതാണ് ബൈക്ക് എന്ന് ആർപിഎഫ് പറഞ്ഞു.