ചേർത്തല: ഏറുമാടം കെട്ടി സംഘം ചേർന്നത് ചോദ്യം ചെയ്ത സി.പി.എം പ്രവർത്തകനെ ആക്രമിച്ച ക്വട്ടേഷൻ സംഘത്തിലെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.മുഖ്യ പ്രതികൾ ഒളിവിലാണ്.വയലാർ പഞ്ചായത്ത് 14​ാം വാർഡിൽ കൃഷ്ണഗിരി വൈശാഖ് (21), ബാഷ് നിവാസിൽ അഖിൽ ബാബു (20),ആശാരിത്തറ സജിദേവ് (21), കിഴക്കേ മാപ്പറമ്പിൽ അനന്തു മോഹൻ (20), മാപ്പറമ്പിൽ ഹരി (20), അശ്വതി മന്ദിരത്തിൽ സൂര്യദാസ് (24), മാധവപ്പള്ളിത്തറ വിഷ്ണു നാരായണൻ (22), അനന്തു ഭവനിൽ അനന്തു (23) എന്നിവരെയാണ് ഡിവൈ.എസ്.പി കെ.സുഭാഷ്,സി.ഐ പി.ശ്രീകുമാർ,എസ്.ഐ എം. ലൈസാദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വയലാർ കൊല്ലപ്പള്ളി ക്ഷേത്രത്തിന് സമീപമുള്ള പുരയിടത്തിൽ ഏറുമാടം കെട്ടി സംഘം ചേർന്നത് ചോദ്യം ചെയ്തതിന്റെ പേരിൽ വയലാർ പഞ്ചായത്ത് ഒൻപതാം വാർഡിൽ ഇളവന്തറയിൽ ഷൈജുവിനെ (42) തിങ്കളാഴ്ച വൈകിട്ടാണ് സംഘം ആക്രമിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷൈജുവിനെ മുക്കണ്ണൻ കവലയിൽ തടഞ്ഞ് നിർത്തി ഇരുമ്പുവടി കൊണ്ട് അടിച്ച് വീഴ്ത്തി. പ്രാണ രക്ഷാർത്ഥം സമീപത്തെ വീട്ടിൽ ഓടിക്കയറിയ ഇയാളെ പിന്തുടർന്ന് എത്തിയ പ്രതികൾ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. തലക്ക് പിന്നിൽ ആഴത്തിൽ മുറിവേൽക്കുകയും കൈ,കാലുകൾ ഒടിയുകയും ചെയ്ത ഷൈജു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുഖ്യപ്രതിയടക്കം അഞ്ച് പേർ ഒളിവിലാണെന്നും ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.