ആലപ്പുഴ:കേരളത്തിന്റെ മത്സ്യത്തൊഴിലാളി സമൂഹത്തിന് ഭീഷണിയാകുന്ന, പുതിയ കപ്പൽപാത സംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ ഉടൻ പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി. ആവശ്യപ്പെട്ടു.
കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി ചേർന്ന കേരളാ കോൺഗ്രസ്(എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർക്കല മുതൽ കായംകുളം വരെ നീണ്ടുകിടക്കുന്ന കൊല്ലം ബാങ്ക് എന്നറിയപ്പെടുന്ന സുപ്രധാന മത്സ്യസങ്കേതത്തിലൂടെയാണ് നിർദ്ദിഷ്ട കപ്പൽപ്പാത കടന്നുപോകുന്നത്. രാജ്യാന്തര ചരക്കുകപ്പലുകൾ ഈ പാതയിലൂടെ സഞ്ചരിക്കുന്നത് ഈ മേഖലയിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കും വള്ളങ്ങൾക്കും വലിയ ഭീഷണിയാവും.ലോക്ക് ഡൗൺ നിയന്ത്റണങ്ങൾ കാരണം അതീവ പ്രതിസന്ധി നേരിടുന്ന തീരദേശ മേഖലയെ ദുരന്തത്തിലേക്ക് നയിക്കുന്ന ഈ ഉത്തരവ് സർക്കാർ ഉടൻ പിൻവലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജോസ് കെ.മാണിയുടെ രാഷ്ട്രീയ നിലപാടിന് ജില്ലാ കമ്മറ്റിയോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ജില്ലാ പ്രസിഡന്റ് വി.സി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി, എം.എൽ.എ മാരായ റോഷി അഗസ്റ്റിൻ ,ഡോ.എൻ.ജയരാജ് ,നേതാക്കളായ വി.ടി ജോസഫ്,ജേക്കബ് തോമസ് അരികുപുറം, പ്രമോദ് നാരായൺ, ജെന്നിംഗ്സ് ജേക്കബ്, തോമസ് വേലിക്കകം, തോമസ് വടക്കേക്കരി, വാസുദേവൻ നായർ, നസീർ സലാം, ഗോപിനാഥപിള്ള, ബാബു സത്രത്തിൽ, ജോണി പത്രോസ്, തോമസ് ടി.കുറ്റിശ്ശേരി, ടൈറ്റസ് വാണിയപ്പുരക്കൽ തുടങ്ങിയവർ സംസാരിച്ചു.