ആലപ്പുഴ: മുഹമ്മ കണർകാട്ടെ പി.കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ എസ്.എഫ്.ഐ മുൻ നേതാവും വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായിരുന്ന തണ്ണീർമുക്കം ചാരമംഗലം തോട്ടശ്ശേരിൽ വീട്ടിൽ ലതീഷ് ചന്ദ്രൻ(41) ഉൾപ്പെടെ അഞ്ചു പേരെ വെറുതെ വിട്ട് ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ.ബദറുദ്ദീൻ ഉത്തരവായി. സി.പി.എം കണർകാട് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി കഞ്ഞിക്കുഴി കണർകാട് വീട്ടിൽ പി. സാബു( 50), ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കഞ്ഞിക്കുഴി ചെല്ലിക്കണ്ടത്തിൽ വീട്ടിൽ പി.ദീപുമോൻ(43), ചെല്ലിക്കണ്ടത്തിൽ വീട്ടിൽ ആർ.രാജേഷ്(44), വടക്കേചിറ വീട്ടിൽ പ്രമോദ് (38) എന്നിവരാണ് വെറുതെ വിട്ടയക്കപ്പെട്ട മറ്റുള്ളവർ.
2013 ഒക്ടോബർ 31ന് പുലർച്ചെ 1.30നാണ് കൃഷ്ണപിള്ള സ്മാരകം തകർത്തത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസന്വേഷിച്ചത്. ക്രൈംബ്രാഞ്ച് 2016 ഏപ്രിൽ 28നാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. ദൃക്സാക്ഷികൾ ഇല്ലാത്ത കേസായിരുന്നു. സാഹചര്യ തെളിവുകൾ കോടതിയെ ബോദ്ധ്യപ്പെടുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കൃഷ്ണപിള്ള പ്രതിമയിൽ നിന്ന് ശേഖരിച്ച വിരലടയാളം പരിശോധനയിൽ പ്രതികളുടേതല്ലെന്ന് തെളിഞ്ഞു. പാർട്ടിയിലെ വിഭാഗീയത കാരണം പി.കൃഷ്ണപിള്ളയുടെ സ്മാരകം പോലും സംരക്ഷിക്കാൻ സി.പി.എമ്മിന് കഴിഞ്ഞില്ലെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പാർട്ടിയിൽ വിഭാഗീയത ഉണ്ടായിരുന്നില്ലെന്ന് അന്നത്തെ ജില്ലാ സെക്രട്ടറി സി.ബി.ചന്ദ്രബാബു, കഞ്ഞിക്കുഴി എരിയ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന സജിചെറിയാൻ എം.എൽ.എ എന്നിവർ സാക്ഷിവിസ്താരവേളയിൽ മൊഴിനൽകിയിരുന്നു.