ph

കായംകുളം: കാമുകൻ ഉപദ്രവിച്ചെന്ന പരാതിയുമായി കായംകുളം പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാർ മോശമായി സംസാരിച്ചെന്ന് ആരോപിച്ച് യുവതി സ്റ്റേഷനു മുന്നിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കായംകുളം കണ്ടല്ലൂർ തെക്ക് കൃഷ്ണനിലയത്തിൽ രമ്യയാണ് (25) ആത്മഹത്യ ശ്രമം നടത്തിയത്.

ഉപേക്ഷിച്ചുപോയ കാമുകൻ ഉപദ്രവിച്ചെന്ന പരാതിയുമായി അമ്മ സുജാതയ്ക്കൊപ്പമാണ് രമ്യ പൊലീസ് സ്റ്റേഷനിൽ എത്തിയത്.എന്നാൽ പരാതി സ്വീകരിക്കാതെ അപമാനിക്കുന്ന തരത്തിൽ പൊലീസ് സംസാരിച്ചെന്ന് ആരോപിച്ച്, കൈയിലുണ്ടായിരുന്ന ബ്ളേഡ് ഉപയോഗിച്ച് ഞരമ്പ് മുറിക്കുകയായിരുന്നുന്നു. ഉടൻ തന്നെ പൊലീസ് ആട്ടോറിക്ഷ വിളിച്ച് ഇരുവരെയും കായംകുളം സർക്കാർ ആശുപത്രിലേക്ക് അയച്ചു.

രമ്യയും ആദ്യഭർത്താവും വേർപിരിയാൻ തിരുമാനിച്ചതിനാൽ വിവാഹ മോചന ഹർജി കോടതിയിലാണ്. ഇതിനിടെ, കായംകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന തൊടുപുഴ സ്വദേശി നിധിനുമായി പ്രണയത്തിലാകുകയും ഇരുവരും രണ്ടുമാസമായി കൃഷ്ണപുരത്ത് ഒന്നിച്ച് താമസിക്കുകയുമായിരുന്നു. ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ള ഇയാൾ ക്രൂരമായി മർദ്ദിക്കുന്നത് പതിവാകുകയും നാളുകൾക്കു മുമ്പ് ഉപേക്ഷിച്ച് പോകുകയും ചെയ്തു. ഇതോടെ വാടകക്കാരൻ തന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നും നിധിനെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ, മാന്യമായി ജീവിക്കണമെന്നുപറഞ്ഞ് പൊലീസുകാർ വിരട്ടിയെന്നും രമ്യ പറയുന്നു.

എന്നാൽ രമ്യ നേരത്തെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിധിനെതിരെ മാനഭംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി എസ്.ഐ ഷൈജു ഇബ്രാഹിം പറഞ്ഞു. ഇയാൾക്കൊപ്പം താമസിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി എത്തിയത്. ഭർത്താവുള്ള യുവതിയെ കാമുകനൊപ്പം വിടാനാകില്ലന്നാണ് പറഞ്ഞതെന്നും എസ്.ഐ വ്യക്തമാക്കി.