ആലപ്പുഴ : ആലപ്പുഴ നഗരമദ്ധ്യത്തിലുള്ള എക്സൈസ് കോംപ്ളക്സ് വളപ്പിലേക്ക് കടന്നാൽ ആരും മൂക്കത്ത് വിരൽ വച്ചുപോകും. തുരുമ്പിച്ചതും പുതുമ മാറാത്തതുമായ പലവിധ വാഹനങ്ങൾ നിരന്നു കിടക്കുകയാണ്. വിവിധ കേസുകളിൽപ്പെട്ട് കണ്ടുകെട്ടിയവയാണ് ഇവ.
വാഹനങ്ങളുടെ എണ്ണം കൂടിയതോടെ എക്സൈസ് കോംപ്ളക്സ് വളപ്പിനുള്ളിൽ ജീവനക്കാരുടെ വാഹനം പോലും പാർക്ക് ചെയ്യാൻ ഇടമില്ലാതായി. കേസുകളിൽപ്പെട്ട വാഹനങ്ങൾ നിശ്ചിത കാലയളവ് കഴിയുമ്പോൾ ലേലത്തിൽ വിൽക്കുന്നതാണ് പതിവ്. എന്നാൽ കഴിഞ്ഞ കുറേ മാസങ്ങളായി ലേലം നടന്നിട്ടില്ല. ആലപ്പുഴ ഓഫീസിൽ മാത്രമല്ല, ജില്ലയിലെ വിവിധ എക്സൈസ് റേഞ്ച് ഓഫീസുകളിലായി 400 ഓളം വാഹനങ്ങളാണ് വെയിലും മഴയുമേറ്റ് നശിക്കുന്നത്. മയക്കുമരുന്ന് കടത്തിനോ ,നിരോധിത പുകയില ഉത്പന്ന കടത്തിനോ ഉപയോഗിച്ച വാഹനങ്ങളാണ് ഇവ.
അബ്കാരി കേസ് ചാർജ് ചെയ്താൽ അതത് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് വാഹനങ്ങൾ കണ്ടുകെട്ടാം .ഇങ്ങനെ കണ്ടുകെട്ടുന്ന വാഹനങ്ങൾ മാദ്ധ്യമങ്ങളിൽ പരസ്യം ചെയ്ത് ലേലത്തിൽ വിൽക്കും. ഇതിന്റെ പണം സർക്കാരിലേക്കാണ് അടയ്ക്കുന്നത്. എൻ.ഡി.പി.എസ് കേസുകളിൽ തീർപ്പാക്കേണ്ടത് കോടതിയാണ്. .കോടതി നടപടികൾ പൂർത്തിയായെങ്കിലേ ഇത്തരം വാഹനങ്ങളുടെ ലേലത്തിലേക്ക് കടക്കാനാവൂ.
.
വാഹനങ്ങൾ വന്നവഴി
കാറുകളും ബൈക്കുകളുമാണ് കോമ്പൗണ്ടിൽ കിടക്കുന്നവയിലധികവും.
അബ്കാരി കേസുകളുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ വാഹനങ്ങളാണ് കൂടുതൽ
എൻ.ഡി.പി.എസ് കേസുകളിൽപ്പെട്ട വാഹനങ്ങളുമുണ്ട്.
കഴിഞ്ഞ നാലു മാസങ്ങളിൽ ജില്ലയിൽ ലേലം നടന്നിട്ടില്ല
കൊവിഡ് മൂലമുള്ള നിയന്ത്രണങ്ങളും മറ്റൊരു കാരണമായി.
400 :ഓളം വാഹനങ്ങളാണ് ജില്ലയുടെ വിവിധ എക്സൈസ് റേഞ്ച് ഓഫീസുകളിലായി വെയിലും മഴയുമേറ്റ് പൊടിപിടിച്ചു കിടക്കുന്നത്.
പ്രതീക്ഷയായി ഉത്തരവ്
എൻ.ഡി.പി.എസ് ( നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോടോപ്പിക് സബ്സ്റ്റൻസസ് ആക്റ്റ് )കേസുകളിലുൾപ്പെട്ട വാഹനങ്ങൾ കേസിന്റെ നടപടികൾ പൂർത്തിയാക്കിയാൽ എക്സൈസ് വകുപ്പിന് തന്നെ ലേലം ചെയ്യാൻ അനുമതി നൽകി ജനുവരിയിൽ എക്സൈസ് കമ്മീഷണർ ഉത്തരവിറക്കിയത് അനാഥമായി കിടക്കുന്ന വാഹനങ്ങളുടെ ദുഃസ്ഥതിക്ക് അറുതി വരുത്തിയേക്കും.
''കൊവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ വാഹനലേലം നടത്താൻ ചില പരിമിതികളുണ്ടായിരുന്നു. ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തുന്നത് ആലോചനയിലുണ്ട്.
-അനിൽകുമാർ( എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ)