ആറ്റിൽ മീൻ പിടിക്കുന്നതിനിടെ മുങ്ങിമരിച്ചു
ആലപ്പുഴ: കാലവർഷം കനത്തതോടെ ജില്ലയിൽ വ്യാപക നാശം. മത്സ്യബന്ധനത്തിനിടെ അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് മാവേലിക്കര ചെറുകോൽ കറുകയിൽ തെക്കതിൽ ജി.ആംബ്രോസ് (63) മരിച്ചു. ഇന്നലെ രാവിലെ 9.30ഓടെ കണ്ടിയൂർ പറക്കടവിന് സമീപം മുക്കത്ത് കടവിലായിരുന്നു സംഭവം.
14 വീടുകൾ ഭാഗികമായി തകർന്നു. നിരവധി മരങ്ങൾ കടപുഴകി വീണു. ഇടയ്ക്കിടെ പെയ്യുന്ന തോരാമഴയിൽ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകൾ വെള്ളക്കെട്ടിലായി. കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയിലും കാറ്റിലും ചേർത്തല താലൂക്കിൽ പത്തും അമ്പലപ്പുഴ താലൂക്കിൽ മൂന്നും കുട്ടനാട് താലൂക്കിൽ ഒരു വീടും ഭാഗികമായി തകർന്നു.
അമ്പലപ്പുഴ, ചേർത്തല, കാർത്തികപ്പള്ളി,കുട്ടനാട് താലൂക്കുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. തൃക്കുന്നപ്പുഴ, കുമാരപുരം, കരുവാറ്റ, പുറക്കാട്, അമ്പലപ്പുഴ, തുറവൂർ പള്ളിത്തോട്, അരൂർ പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയുടെ കിഴക്കൻ ഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ട്. ഇന്നലെ ഉച്ചമുതൽ മഴയ്ക്ക് അല്പം ശമനമുണ്ടെങ്കിലും ജലനിരപ്പിൽ കാര്യമായ മാറ്റമില്ല. ജലനിരപ്പ് ക്രമാതീതമായാൽ തോട്ടപ്പള്ളി പൊഴിമുഖം അടിയന്തിരമായി മുറിക്കാനുള്ള ഒരുക്കത്തിലാണ് ജലസേചനവകുപ്പ്. ഇതിന് ആവശ്യമായ ജെ.സി.ബികൾ പൊഴിമുഖത്ത് എത്തിച്ചിട്ടുണ്ടെന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അരുൺ ജേക്കബ് പറഞ്ഞു.
കഞ്ഞിക്കുഴി സ്വദേശിയായ സുജിത്തിന്റെ ഒരു ഏക്കർ പച്ചമുളക് തോട്ടം വെളളത്തിലായി. 70 ദിവസം മുമ്പ് നട്ടു പിടിപ്പിച്ച തൈകളാണ് വെള്ളത്തിൽ മുങ്ങിയത്. കിട്ടാവുന്നിടത്തോളം പച്ചമുളക് പറിച്ചെടുക്കുന്ന തിരക്കിലാണ് സുജിത്ത്. ഓണക്കാലം പ്രതീക്ഷിച്ചാണ് കൃഷിയിറക്കിയത്.