fish

 കടലിലെ മീനുകൾക്ക് പകരക്കാർ

ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ കുതിപ്പിൽ ഗ്രാമ പ്രദേശങ്ങളിൽ ഊത്തപിടിത്തം ആഘോഷമാകുന്നു. ട്രോളിംഗ് നിരോധനത്തിനു പുറമേ, കടൽ മത്സ്യബന്ധനത്തിനും വിപണത്തിനും വിലക്ക് നിലനിൽക്കുന്ന കാലയളവിൽ മത്സ്യപ്രിയർക്ക് അനുഗ്രഹമായിരിക്കുകയാണ് ഈ മത്സ്യങ്ങൾ.

കൂരി, കാരി, വാള, പരൽ, വരാൽ, പള്ളത്തി, മുഷി തുടങ്ങി വിവിധയിനം മത്സ്യങ്ങളാണ് ഒഴുകിയെത്തുന്നത്. കിഴക്കൻവെള്ളം കുതിച്ചെത്തുന്നതോടെ, തോടുകളിൽ പതുങ്ങിക്കിടക്കുന്ന മീനുകൾ മുകളിലേക്കെത്തും. വലയോ, കൂടോ ഉപയോഗിച്ചാണ് മീൻ പിടിത്തം. മുമ്പ് നഞ്ച്, തോട്ട, വൈദ്യുതി തുടങ്ങി വിവിധ രീതികൾ ഉപയോഗിച്ചിരുന്നെങ്കിലും പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പിനെയും നിരോധനത്തെയും തുടർന്ന് ഇത് ഇപ്പോഴില്ല.

പമ്പയാറിൽ നിന്നും മണിമലയാറിൽ നിന്നുമുള്ള വെള്ളമാണ് കുട്ടനാട്ടിലെത്തുന്നത്. കൊയ്ത്ത് കഴിഞ്ഞ് ചെളി നിറഞ്ഞു കിടക്കുന്ന പാടശേഖരങ്ങളിൽ നിന്ന് പുത്തൻ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ആറ്റുമീനുകൾ പുറത്ത് ചാടും. രാപ്പകൽ ഭേദമില്ലാതെയാണ് ഊത്തപിടിത്തം നടക്കുന്നത്. രാത്രിയിലെ ചാറ്റൽ മഴയിൽപ്പോലും കൂരിയും, വരാലുമടക്കമുള്ള മീനുകൾ ധാരാളമായി കയറിവരാറുണ്ട്. വീടുകളിലെ ആവശ്യത്തിന് പുറമേ, മത്സ്യം വില്പന നടത്തുന്നവരുമുണ്ട്. മത്സ്യ ക്ഷാമം രൂക്ഷമായതിനാൽ വലിയ ഡിമാൻഡാണ് ഇവയ്ക്ക് ലഭിക്കുന്നത്.

........................

ഇടവമാസത്തിലെ പെയ്ത്തിലാണ് കിഴക്കൻവെള്ളം കുത്തിയൊഴുകി എത്താറുള്ളത്. ഇത്തവണ അല്പം വൈകിയെങ്കിലും മഴ ശക്തമായതോടെ ധാരാളം മീൻ എത്തുന്നുണ്ട്

അനീഷ്, എടത്വ

....................

 ഊത്ത മത്സ്യങ്ങൾ

വരാൽ, കാരി, കൂരി, വാള, പരൽ, മുഷി, കുറുവ, കോലാൻ, പള്ളത്തി