ആലപ്പുഴ: പലിശ മുടങ്ങിയതിന്റെ പേരിൽ വീട് കയറി ഭീഷണിപ്പെടുത്തുകയും, തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പരാതി ഗൗരവമായി പരിഗണിക്കുകയോ മൊഴിയെടുക്കുകയോ ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ കുതിരപ്പന്തി മുട്ടത്തിപ്പറമ്പിൽ പി.പ്രശാന്ത് മുഖ്യമന്ത്രിക്ക് പരാതി നൽകി. ആർ.എസ്.എസുമായി ചേർന്ന് തനിക്കെതിരെ ക്വട്ടേഷൻ ആക്രമണം നടത്തുന്നതിന് അണിയറ നീക്കങ്ങൾ നടത്തിയ സി.പി.എം കുതിരപ്പന്തി ലോക്കൽ കമ്മിറ്റി ഭാരവാഹികൾക്കെതിരെ പാർട്ടി നടപടി കൈക്കൊള്ളണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. പലിശയ്ക്കു വാങ്ങിയ 50,000 രൂപയുടെ പലിശ മുടങ്ങിയതിനെത്തുടർന്നാണ് തന്നെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും, ഡ്രൈവറായി ജോലിചെയ്തിരുന്ന വീട്ടിലെ വാഹനം നശിപ്പിക്കുകയും ചെയ്തതെന്നും പ്രശാന്തിന്റെ പരാതിയിൽ പറയുന്നു. പൊലീസിൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും തന്റെ മൊഴി എടുക്കാൻ പൊലീസ് തയ്യാറാകാത്തതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലാണെന്നും പരാതിയുണ്ട്.
തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നാരോപിച്ച് ലോക്കൽ കമ്മിറ്റി നേതാവിനെതിരെ പ്രശാന്ത് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.