നിത്യോപയോഗസാധനങ്ങൾ ഇനി വീട്ടിലെത്തിച്ചു നൽകാൻ നഗരസഭയും കുടുംബശ്രീയും
ആലപ്പുഴ: കുടുംബശ്രീ ഉത്പന്നങ്ങൾക്കൊപ്പം, നിത്യോപയോഗ സാധനങ്ങളും ഓർഡർ അനുസരിച്ച് വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതി നഗരസഭാപരിധിയിൽ ആരംഭിച്ചു. കുടുംബശ്രീ സി.ഡി.എസിന്റെ കീഴിലുള്ള യൂണിറ്റുകളാണ് നഗരസഭയുമായി കൈകോർത്ത് ശ്രീശുദ്ധി എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്.
അയൽക്കൂട്ടങ്ങൾ വഴിയാണ് ആദ്യ ഘട്ടത്തിൽ ഓർഡറുകൾ സ്വീകരിക്കുക. നഗരത്തിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമുള്ള കുടുംബശ്രീ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ആദ്യ ഘട്ടമെന്ന നിലയിൽ എട്ട് കുടുംബശ്രീ പ്രവർത്തകരെ ജോലിക്കായി നിയോഗിച്ചു. കുടുംബശ്രീ ഉത്പന്നങ്ങളായ അരിപ്പൊടി, ഗോതമ്പുപൊടി, വിവിധ മസാലകൾ, സോപ്പ്, ഡിഷ് വാഷ് എന്നിവയ്ക്കു പുറമേ, പുറത്ത് നിന്നും അവശ്യവസ്തുക്കൾ ഓർഡറനുസരിച്ച് വാങ്ങി എത്തിച്ചു നൽകുമെന്ന് സി.ഡി.എസ് ചെയർപേഴ്സൺ ലാലി വേണു പറഞ്ഞു.
വീടുകളിൽ സാധനങ്ങൾ എത്തിച്ചുനൽകുന്ന മുറയ്ക്ക് പണം നൽകിയാൽ മതിയാകും. അറിയിപ്പ് നൽകിയതിനെത്തുടർന്ന് ഇതിനകം നിരവധി അയൽക്കൂട്ടങ്ങളിൽ നിന്ന് ഓർഡറുകൾ ലഭിച്ചുകഴിഞ്ഞു. ഇരുചക്ര വാഹനം ഓടിക്കാനറിയുന്ന അംഗങ്ങളെയാണ് ജോലിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. സാധനങ്ങൾ എത്തിച്ചുനൽകുന്നതിന് അധിക തുക ഈടാക്കില്ല. ശ്രീശുദ്ധി വിപണന ശൃംഖലയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനും ആദ്യ വില്പന സെക്രട്ടറി കെ.കെ.മനോജും നിർവഹിച്ചു.