 യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ പോരാടുമെന്ന് ലതീഷ്

ആലപ്പുഴ:പി.കൃഷ്ണപിള്ള സ്മാരകം തകർത്തകേസിൽ കോടതി നിരപരാധികളെന്ന് കണ്ടെത്തിയവർക്ക് പാർട്ടിയിലേക്ക് തിരികെ വരുന്നതിന് തടസമില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു.പാർട്ടി അംഗത്വത്തിലേക്ക് എങ്ങനെ ആൾക്കാർ എത്തുന്നുവോ അതേ മാർഗ്ഗത്തിൽ കോടതി കുറ്റവിമുക്തരാക്കിയവർക്കും എത്താം.

കൃഷ്ണപിള്ള സ്മാരകം തകർത്തത് പാർട്ടിയുടെ വർഗ്ഗ ശത്രുക്കളാണ്.ഒരു കമ്യൂണിസ്റ്റുകാരനും അത്തരം ഒരു പ്രവൃത്തി ചെയ്യാനാവില്ല.രമേശ് ചെന്നിത്തലയും യു.ഡി.എഫ് സർക്കാരുമാണ് പാർട്ടിക്കാരെ ഈ കേസിൽ പ്രതികളാക്കിയത്. പാർട്ടി തലത്തിൽ ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു.കൃഷ്ണപിള്ള സ്മാരകം തകർക്കപ്പെട്ട സംഭവം മറ്റു കേസുകൾ പോലെയല്ല.കുറ്റാരോപിതരായവരെ പുറത്താക്കിയത് ഇക്കാരണത്താലാണ്. ഇപ്പോൾ അവർ നിരപരാധികളാണെന്ന് വ്യക്തമായെന്നും നാസർ പറഞ്ഞു.

നിരപരാധിത്വം തെളിഞ്ഞെന്നും ഇപ്പോഴും തങ്ങൾ സി.പി.എമ്മുകാർ തന്നെയെന്നും കൃഷ്ണപിള്ള സ്മാരക ആക്രമണ കേസിൽ കു​റ്റവിമുക്തരാക്കപ്പെട്ട ലതീഷ് ബി. ചന്ദ്രനും പി. സാബുവും പറഞ്ഞു. സ്ഥാനങ്ങൾ ഇല്ലെന്നേയുള്ളൂ. സി.പി.എമ്മിൽ സജീവമാണ്. ആ പ്രത്യയ ശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നു. പ്രതിസന്ധി ഘട്ടത്തിൽ കുടുംബവും സുഹൃത്തുക്കളും ഒപ്പം നിന്നു. പ്രദേശത്തെ ചിലരുടെ വ്യക്തി വിരോധം കാരണമാണ് കേസിൽ പ്രതികളാക്കപ്പെട്ടത്. ആഭ്യന്തരമന്ത്റിയായിരുന്ന രമേശ് ചെന്നിത്തലയും ക്രൈംബ്രാഞ്ച് സംഘവും ചേർന്ന് കള്ളക്കേസിൽപ്പെടുത്തുകയായിരുന്നു. യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ പുനരന്വേഷണം വേണം. അതിനായി നിയമപോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.