ആലപ്പുഴ: പ്ളസ് വണ്ണിന് 520ൽ 413 മാർക്ക് ലഭിച്ചെന്നറിഞ്ഞപ്പോൾ സാന്ദ്ര ബാബു ആദ്യം വിളിച്ചത് ജലഗതാഗതവകുപ്പ് ഡയറക്ടർ ഷാജി വി.നായരെയാണ്. ഒരു പക്ഷേ, ഒഴുകിപ്പോകുമായിരുന്ന 'ഒരു വർഷം' ബോട്ടടുപ്പിച്ച് കൂടെ നിറുത്തിയതിനുള്ള നന്ദി പറയാനായിരുന്നു ആ വിളി!
ജൂൺ ആദ്യവാരം നടന്ന രണ്ടു പ്ളസ് വൺ പരീക്ഷകൾക്കായി ആലപ്പുഴ എം.എൻ ബ്ലോക്കിൽ നിന്ന് കോട്ടയം കാഞ്ഞിരത്തേക്ക് സാന്ദ്രയ്ക്ക് മാത്രമായിട്ടാണ് വകുപ്പ് സർവീസുകൾ നടത്തിയത്. കോട്ടയം പാമ്പാടിയിലെ വെള്ളൂരാണ് സ്വന്തം വീടെങ്കിലും തിരുവാർപ്പിലുള്ള ചിറ്റ ബിന്ദുവിന്റെ വീട്ടിൽ നിന്നാണ് സാന്ദ്ര പഠിക്കുന്നത്. എം.എൻ ബ്ലോക്കിൽ നിന്ന് കാഞ്ഞിരത്തേക്ക് എത്താൻ ബോട്ടല്ലാതെ മറ്റ് മാർഗമൊന്നുമില്ല. കാഞ്ഞിരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലാണ് സാന്ദ്ര പഠിക്കുന്നത്. ഇതേ സ്കൂളിലെ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളും ബോട്ടിനെ ആശ്രയിക്കുന്നവരാണെങ്കിലും, സാന്ദ്രയുടെ പരീക്ഷാ ദിനത്തിൽ അവർക്ക് പരീക്ഷയില്ലായിരുന്നു. ഇതോടെയാണ് 70 പേരുടെ സീറ്റിംഗ് കപ്പാസിറ്റിയുള്ള ബോട്ടിൽ ഏക യാത്രക്കാരിയായി സഞ്ചരിച്ച് സാന്ദ്ര പരീക്ഷയ്ക്കെത്തിയത്. യാത്രക്കാരിയായി ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും സ്ഥിരം ജീവനക്കാരെ എല്ലാവരെയും ഉൾപ്പെടുത്തിയാണ് സാന്ദ്രയ്ക്കു വേണ്ടിയുള്ള സർവീസ് നടത്തിയിരുന്നത്. കൂലിപ്പണിക്കാരായ സാബുവും, രാധാമണിയുമാണ് മാതാപിതാക്കൾ. അനുജൻ ശ്രീരാജ്.
......................
പുതിയ പരീക്ഷ തീയതി പ്രഖ്യാപിച്ചപ്പോൾ തന്നെ ജലഗതാഗത വകുപ്പിൽ ബന്ധപ്പെട്ടിരുന്നു. അവർ നൽകിയ സേവനവും സഹായവും മറക്കാനാവില്ല. അതുകൊണ്ടാണ് ഫലം വന്നപ്പോൾ തന്നെ ഡയറക്ടറെ വിളിച്ച് നന്ദി അറിയിച്ചത്
(സാന്ദ്ര സാബു)
..............................
സാന്ദ്രയുടെ മികച്ച വിജയത്തിൽ ഏറെ അഭിമാനമുണ്ട്. ഫലം അറിഞ്ഞപ്പോൾ തന്നെ വിളിച്ച് നന്ദി അറിയിച്ചു. സാന്ദ്രയുടെ ഭാവിക്ക് എല്ലാ ആശംസകളും നേരുന്നു
(ഷാജി വി.നായർ, ജലഗതാഗതവകുപ്പ് ഡയറക്ടർ)