house

മാന്നാർ : മരക്കൊമ്പ് ഒടിഞ്ഞു വീണ് വീടിന്റെ മേൽക്കൂര തകർന്നു. വിധവയായ വീട്ടമ്മ തലനാരിഴയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു . മാന്നാർ പഞ്ചായത്ത് 12ാം വാർഡിലെ വേരൂർ കുന്നേൽ വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ ഓമന (62) യുടെ വീടിന്റെ മേൽക്കൂരയാണ് ബുധനാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നിരുന്ന മരം വീണ് തകർന്നത്. വീഴ്ചയുടെ ആഘാതത്തിൽ കഴുക്കോലുകൾ ഒടിയുകയും, ഓടുകൾ പൊട്ടി നശിക്കുകയും ചെയ്തു. ഭിത്തിയുടെ ചില ഭാഗങ്ങൾ വീണ്ടുകീറി. ശബ്ദം കേട്ടുണർന്ന ഓമന വീടിനു പുറത്തേക്ക് ഓടിയതിനാൽ രക്ഷപെട്ടു. അപകടകരമായി നിൽക്കുന്ന മരങ്ങൾ വെട്ടി നീക്കണമെന്നാവശ്യപ്പെട്ട് കളക്ടർ, പൊലീസ്, പഞ്ചായത്ത് എന്നിവർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഓമന പറയുന്നു.