ചാരുംമൂട് : നൂറനാട് ലെപ്രസി സാനിട്ടോറിയം ആശുപത്രിയിൽ കൊവിഡ് ചികിത്സാകേന്ദ്രം സജ്ജമാകുന്നു. സാനിട്ടോറിയം അന്തേവാസിയായ സ്ത്രീയ്ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും നടപടി. അന്തേവാസികൾക്ക് കൊവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടായാൽ സാനിട്ടോറിയം ആശുപത്രിയിൽ തന്നെ ചികിത്സാ സൗകര്യം ഒരുക്കണമെന്ന് ആർ.രാജേഷ് എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. കൊവിഡ്‌ ബാധിച്ച 75 കാരിയായ അന്തേവാസി ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ള 51 പേർക്ക് ആർ.റ്റി.പി.സി.ആർ. ടെസ്റ്റ് നടത്തിയതിന്റെ ഫലം വന്നിട്ടില്ല. സമ്പർക്കപ്പട്ടികയിലുള്ള 63 പേരാണ് ക്വാറന്റയിനിൽ കഴിയുന്നത്. നിലവിൽ സ്ത്രീകളും പുരുഷൻമാരുമടക്കം 112 അന്തേവാസികളാണ് സാനിട്ടോറിയത്തിൽ ഉള്ളത്. ഇതിൽ ജീവനക്കാരായവരും ഉൾപ്പെടും. പ്രായാധിക്യവും, അംഗവൈകല്യമുള്ളവരാണ് അധികവും. ചികിത്സാ സൗകര്യം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായതായി സൂപ്രണ്ട് ഡോ.പി.വി.വിദ്യ പറഞ്ഞു.