ആലപ്പുഴ: മഴ ശക്തിപ്രാപിച്ചതോടെ, നഗരത്തിൽ ബസ് ഷെൽട്ടറുകളുടെ അഭാവം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. പ്രധാന സ്റ്റോപ്പുകളായ മെഡ‌ിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, എസ്.ഡി കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിൽ പോലും മഴ നനയാതെ കയറിനിൽക്കാനുള്ള സൗകര്യങ്ങളില്ല. അമ്പലപ്പുഴ മുതൽ നഗരത്തിലെ ജില്ലാകോടതി ജംഗ്ഷൻ വരെയുള്ള റൂട്ട് പരിശോധിച്ചാൽ കേവലം അഞ്ച് സ്റ്റോപ്പുകളിലാണ് ഷെൽട്ടർ സംവിധാനമുള്ളത്. വിവിധ പ്രാദേശിക ഫണ്ടുകൾ ചെലവഴിച്ചും സ്പോൺസർമാരെ കണ്ടെത്തിയുമാണ് പല കാത്തിരിപ്പ് കേന്ദ്രങ്ങളും നിർമ്മിച്ചിട്ടുള്ളത്. നഗരസഭയടക്കമുള്ള തദ്ദേശ സ്ഥാപനങ്ങൾ ബഡ്ജറ്റിൽ കാത്തിരിപ്പു കേന്ദ്രങ്ങൾക്ക് പ്രാമുഖ്യം നൽകാത്തതാണ് പ്രശ്നകാരണമെന്ന് പറയുന്നു. ടി.ഡി സ്കൂളിന് മുൻവശത്തെ ഷെൽട്ടറിൽ ഇരിക്കാനുള്ള സംവിധാനമുൾപ്പടെയുണ്ടെങ്കിലും ഒറ്റ മഴയിൽതന്നെ കാത്തിരിപ്പു കേന്ദ്രം വെള്ളക്കെട്ടിന് നടുവിലാകുമെന്നതാണ് പ്രതിസന്ധി. മെഡിക്കൽ കോളേജ് ആശുപത്രിക്കു മുന്നിലുള്ള സ്റ്റോപ്പിൽ സന്നദ്ധ സംഘടനകൾ കൈയിൽ നിന്ന് കാശ് മുടക്കിയാണ് ഇടക്കാലത്ത്, സുഖമില്ലാത്തവർക്ക് ഇരിക്കുന്നതിന് കസേരകളും കുടിവെള്ള സംവിധാനവും ഒരുക്കിയിരുന്നത്.

മാസ്ക് നനഞ്ഞാൽ ...

വൈകുന്നേരങ്ങളിൽ മഴയിൽ നനഞ്ഞ മാസ്ക്കും ധരിച്ച് യാത്രക്കാ‌ർ സ്റ്റോപ്പുകളിൽ നിൽക്കുന്നത് ഇപ്പോൾ പതിവ് കാഴ്ച്ചയാണ് . ഈർപ്പമുള്ള മാസ്ക്ക് ധരിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ഏതാനും സ്റ്റോപ്പുകളിൽ സുമനസുകൾ സ്ഥാപിച്ചിട്ടുള്ള കൈകഴുകാനുള്ള വെള്ളവും സോപ്പുമാണ് ഏക ആശ്വാസം. മുൻപ് ബസ് വരുന്നത് വരെ മഴയും വെയിലും കൊള്ളാതെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ വരാന്തയിലടക്കം കയറിനിൽക്കാമായിരുന്നു. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ കഴിയുന്നത്ര ആളുകളെ അടുപ്പിക്കാതിരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. വരും കാല ബജറ്റുകളിലെങ്കിലും, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

............

അത്യാവശ്യമായി കാത്തിരിപ്പു കേന്ദ്രങ്ങൾ വേണ്ട സ്റ്റോപ്പുകൾ

മെഡിക്കൽ കോളേജ് ആശുപത്രി ജംഗ്ഷൻ

എസ് ഡി കോളേജ്

ജനറൽ ആശുപത്രി ജംഗ്ഷൻ

.............

നിർദേശങ്ങൾ

ഇരിപ്പിടം, കൈകഴുകാനുള്ള വെള്ളം, സോപ്പ് എന്നിവ സ്റ്റോപ്പുകളിൽ അനിവാര്യം

............

മഴ ആരംഭിച്ചതോടെ സ്റ്റോപ്പുകളിലെ കാത്തുനിൽപ്പ് വളരെ ദുരിതമാണ്. ആവശ്യത്തിന് പ്രൈവറ്റ് ബസുകളില്ല. കെ.എസ്.ആർ.ടി.സിക്കു വേണ്ടി മണിക്കൂറുകൾ കാത്തുനിൽക്കണം. മാസ്ക്ക് ഉൾപ്പടെ നനഞ്ഞാണ് സ്റ്റോപ്പിൽ നിൽക്കേണ്ടിവരുന്നത്.

മഞ്ജുഷ, വസ്ത്രവ്യാപാരശാല ജീവനക്കാരി