ലോക്ക് ഡൗണിൽ തകർന്ന് ഐസ്ക്രീം വിപണി
ആലപ്പുഴ: ലോക്ക് ഡൗൺ വരുത്തിവച്ച പ്രതിസന്ധികൾക്കൊപ്പം, തണുപ്പുള്ള ആഹാരം കഴിച്ചാൽ കൊവിഡ് ബാധിക്കുമെന്ന വ്യാജപ്രചാരണം കൂടി പരന്നതോടെ അടിതെറ്റി വീണിരിക്കുകയാണ് സംസ്ഥാനത്തെ ഐസ്ക്രീം വിപണി. ആവശ്യക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ മിക്ക കടകളിലും എടുക്കുന്ന സ്റ്റോക്ക് വെട്ടിച്ചുരുക്കി. ഇതോടെ ഉത്പാദകരും, വിതരണക്കാരും ഒരുപോലെ പ്രതിസന്ധിയിലായി.
രണ്ട് മാസത്തെ ലോക്ക് ഡൗൺ ഭീമമായ നഷ്ടമാണ് ഈ മേഖലയെ ആശ്രയിക്കുന്നവർക്ക് വരുത്തിവച്ചത്. വിപണിയിൽ സീസണായ മാർച്ച്, എപ്രിൽ മാസങ്ങളിലേക്കായി സ്റ്റോക്ക് ചെയ്തിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ഐസ്ക്രീം കാലാവധി കഴിഞ്ഞതുമൂലം നശിപ്പിക്കേണ്ടിവന്നു. ഐസ്ക്രീം സൂക്ഷിച്ച വകയിൽ ലക്ഷങ്ങളുടെ വൈദ്യുതി ബില്ലും സ്റ്റോക്കിസ്റ്റുകളെ തേടിയെത്തി. ചെറുകിട ഐസ്ക്രീം ഉത്പാദന കമ്പനികൾ പലതും നിലവിൽ പ്രവർത്തിക്കുന്നില്ല. ഇവിടങ്ങളിലെ തൊഴിലാളികളെ പറഞ്ഞുവിട്ടു. മെഷീനുകൾ നശിക്കാതിരിക്കാൻ ഇടയ്ക്കിടെ പ്രവർത്തിപ്പിക്കും. പുത്തൻ രുചിക്കൂട്ടുകളുമായി നിരവധി സംരംഭകരാണ് ഐസ്ക്രീം വ്യവസായത്തിലേക്ക് കടന്നു വന്നിരുന്നത്. ബാങ്ക് വായ്പ, കെട്ടിട വാടക, തൊഴിലാളികളുടെ ശമ്പളം,വൈദ്യുതി ബില്ല് തുടങ്ങി എടുത്താൽപൊങ്ങാത്ത കടങ്ങളാണ് ഇവർക്ക് കൊവിഡ് സമ്മാനിച്ചത്. രോഗഭീതി പരന്നതോടെ, സൈക്കിളിൽ ഐസ്ക്രീം മിഠായി കച്ചവടം നടത്തി ഉപജീവനം നടത്തിയിരുന്നവരും പട്ടിണിയിലായി. സഞ്ചരിച്ചുള്ള വില്പനയ്ക്ക് അനുമതിയില്ല. ഇനി അനുമതി ലഭിച്ചാലും ആരും വാങ്ങാൻ തയ്യാറാവില്ല.
പോക്കറ്റ് ചോർന്നു
ലോക്ക് ഡൗൺ കാലയളവിൽ സൂക്ഷിച്ചിരുന്ന ഐസ്ക്രീം നശിച്ചു
ഇറക്കുമതി ചെയ്ത ചോക്ലേറ്റ് ഉൾപ്പടെ കാലാവധി കഴിഞ്ഞതിനാൽ നശിപ്പിക്കേണ്ടിവന്നു
ചെറുകിട കമ്പനികൾ പലതും താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു
................
ലോക്ക് ഡൗൺകാലത്തെ ചിലവ്
കെട്ടിടവാടക
വൈദ്യുതി ബില്ല്
തൊഴിലാളികളുടെ ശമ്പളം
...........
ലോക്ക് ഡൗണിനു ശേഷം ഒരുലക്ഷത്തിലധികം രൂപയുടെ വൈദ്യുതി ബില്ലാണ് വന്നത്. സീസൺ മുന്നിൽ കണ്ട് ധാരാളം ഐസ്ക്രീം സ്റ്റേക്ക് ചെയ്തിരുന്നു. ബിസിനസ് തകർന്നിരിക്കുന്ന സമയത്തും സെയിൽസ് ടാക്സ് ഉൾപ്പെടെ വലിയ തലവേദനകളാണ് നേരിടുന്നത്
- നിസ്താർ ചാങ്ങയിൽ, ഐസ്ക്രീം ഡിസ്ട്രീബ്യൂട്ടേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറർ
അപ്രതീക്ഷിത ലോക്ക് ഡൗണിൽ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. കമ്പനിയുടെ പ്രവർത്തനം താൽക്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. തൊഴിലാളികളെ പറഞ്ഞുവിട്ടു. കൊവിഡ് നാട് കടക്കാതെ ഐസ്ക്രീം മേഖലയ്ക്ക് കരകയറാനാവില്ല - തോംസൺ, ക്രീമോ ഐസ്ക്രീം, ഏറ്റുമാനൂർ