ആലപ്പുഴ: ആവശ്യക്കാരേറുകയും സ്റ്റോക്ക് കാലിയാവുകയും ചെയ്തതോടെ ചെറുകിട കണ്ണടക്കടകളിൽ ലെൻസും ഫ്രെയിമും കിട്ടാനില്ല. കൊവിഡും ലോക്ക് ഡൗണുമാണ് ലെൻസിന്റെയും ഫ്രെയിമിന്റെയും സ്റ്റോക്ക് കേരളത്തിലേക്ക് എത്താതിരിക്കാൻ കാരണം.ആലപ്പുഴയിലെ കണ്ണടക്കടകളിലേക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി സ്റ്റോക്ക് എത്തിയത്. വൻകിട കണ്ണട വില്പന സ്ഥാപനങ്ങളിൽ കൂടുതൽ സ്റ്റോക്കുണ്ടായിരുന്നതിനാൽ ക്ഷാമം ഇതുവരെ ബാധിച്ചിട്ടില്ല. വരുംദിവസങ്ങളിൽ ഇവിടെയും കണ്ണടകൾ കിട്ടാതായേക്കും.
ചൈനയിൽ നിന്നും മുംബയിൽ നിന്നുമാണ് കേരളത്തിലേക്ക് ലെൻസും ഫ്രെയിമും എത്താറുള്ളത്. ഡോക്ടർമാർ നൽകുന്ന കുറിപ്പടിയുമായി കണ്ണാടിക്കടകളിൽ വരുന്നവരുൾപ്പടെ യോജിച്ച ലെൻസും ഫ്രെയിമും ലഭിക്കാതെ ബുദ്ധിമുട്ടുകയാണിപ്പോൾ. ലോക്ക് ഡൗണിന് ശേഷം കടകൾ തുറന്നതോടെ നിരവധിപ്പേരെത്തി കണ്ണടകൾ വാങ്ങിയിരുന്നു. ഇതും പെട്ടെന്ന് സ്റ്റോക്ക് കാലിയാകാൻ കാരണമായെന്ന് കച്ചടവടക്കാർ പറയുന്നു. കമ്പ്യൂട്ടറിൽ നോക്കി ജോലിചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചത് കണ്ണട ഉപഭോക്താക്കളുടെ എണ്ണത്തിലും വർദ്ധനവുണ്ടാക്കി. പരമാവധി മൂന്ന് വർഷമാണ് ലെൻസിന് കാലാവധിയെങ്കിലും രണ്ടുവർഷം കഴിയുമ്പോൾ തന്നെ പലർക്കും ലെൻസ് മാറ്റേണ്ടതായി വരും. ഇത്തരക്കാർക്കാണ് ലെൻസ് ക്ഷാമം വെല്ലുവിളിയാകുന്നത്. സുഗമമായ വായനയ്ക്ക് സഹായിക്കുന്ന പ്രോഗ്രസിവ് ലെൻസിനാണ് ആവശ്യക്കാർ കൂടുതൽ. ഇതിന് ഡോക്ടർമാരുടെ കുറിപ്പടി ആവശ്യമില്ല. കണ്ണടക്കടകളിൽ തന്നെ നടത്തുന്ന ടെസ്റ്റ് വഴി യോജിച്ച ലെൻസ് തിരഞ്ഞെടുക്കാം. കേരളത്തിൽ തിരുവല്ലയടക്കം ഏതാനും പ്രദേശങ്ങളിൽ ലെൻസ് സർഫിംഗ് ചെയ്യുന്ന കമ്പനികളുണ്ട്. എന്നാൽ കണ്ടെയിൻമെന്റ് സോണുകളായതിനാൽ അവിടെയെത്തി ലെൻസ് വാങ്ങാൻ കച്ചവടക്കാർക്ക് സാധിക്കുന്നില്ല.
കണ്ണടക്കാര്യം ഇങ്ങനെ
ഫ്രെയിമും ലെൻസും എത്തുന്നത് ചൈനയിൽ നിന്നും മുംബയിൽ നിന്നും
ലോക്ക് ഡൗണിനുശേഷം പുതിയ സ്റ്റോക്ക് എത്തുന്നില്ല
ഫ്രെയിമിന്റെ ഉത്പാദനം കേരളത്തിലില്ല
ലെൻസ് സർഫിംഗ് ഏതാനും സ്ഥലങ്ങളിലുണ്ട്
കണ്ണടവില
ഫ്രെയിം - 300 മുതൽ 3000 രൂപ വരെ
ലെൻസ് - ചികിത്സാർത്ഥമുള്ളത് - 1200 രൂപ മുതൽ
പ്രോഗ്രസിവ് ലെൻസ് - 500 രൂപ മുതൽ
ഗൂഗിൾസ് - 50 രൂപ മുതൽ
......................
നിലവിൽ രണ്ടു വർഷത്തിനുള്ളിൽ തന്നെ മിക്ക ഉപഭോക്താക്കൾക്കും ലെൻസ് മാറേണ്ടിവരാറുണ്ട്. അവർക്ക് യോജിച്ച കണ്ണടകൾ സ്റ്റോക്കില്ലെന്നതാണ് പ്രധാന പ്രശ്നം. സ്റ്റോക്ക് എത്താതെ പ്രശ്നത്തിന് ശാശ്വത പരിഹാരമാവില്ല.
- വിഷ്ണു, കണ്ണട വ്യാപാരി