ambala

അമ്പലപ്പുഴ:കുട്ടനാട്ടിലെ ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തോട്ടപ്പള്ളി പൊഴി മുറിച്ചു. മൂന്ന് ലോംഗർ യന്ത്രം ഉപയോഗിച്ച് ഇന്നലെ ഉച്ചയോടെയാണ് പൊഴി മുറിക്കൽ ആരംഭിച്ചത്.30 മീറ്റർ വീതിയിൽ മൂന്നു മണിക്കൂർ കൊണ്ട് പൊഴി മുറിക്കൽ പൂർത്തിയാക്കി.കാലവർഷം ശക്തമായതിനെത്തുടർന്ന് അണക്കെട്ടുകൾ തുറന്നതോടെ കുട്ടനാട് ,അപ്പർകുട്ടനാടൻ പ്രദേശങ്ങൾ വെള്ളക്കെട്ടിലായിരുന്നു.കൂടാതെ ഈ പ്രദേശങ്ങളിൽ നിരവധി പാടശേഖരങ്ങൾ മട വീഴ്ച ഭീഷണിയിലായതോടെയാണ് പൊഴിമുറിക്കണമെന്ന ആവശ്യമുയർന്നത്.ഇതിനായി പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിന്റെ നേതൃത്വത്തിൽ പൊഴി മുഖത്തെ മണൽ നീക്കം ചെയ്തിരുന്നു. മേയ് 23 നാരംഭിച്ച മണൽ നീക്കം ജൂലായ് 23 നാണ് പൂർത്തിയാക്കിയത്. 120 മീറ്റർ വീതിയുണ്ടായിരുന്ന പൊഴി മുഖത്തിന്റെ വീതി 393 മീറ്ററായി. കിഴക്കൻ വെള്ളം ഒഴുകാനായി സ്പിപിൽവേയുടെ 40 ഷട്ടറുകളും തുറന്നിട്ടുണ്ട്.

ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരന്റെയും ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെയും നിർദ്ദേശപ്രകാരമാണ് പൊഴി മുറിക്കൽ ആരംഭിച്ചത്.