ആലപ്പുഴ: കൈക്കൂലി വാങ്ങുന്നിതിനിടെ വിജിലൻസ് സംഘത്തിന്റെ പിടിയിലായ കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കിഷോർ കുമാറിനെ കോട്ടയം വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പാലായിലെ ക്വാറന്റൈൻ ജയിലിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകിട്ടാണ് കൈക്കൂലി വാങ്ങുന്നതിനിടെ കിഷോർ കുമാർ വിജിലൻസിന്റെ പിടിയിലായത്.
കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ അന്വേഷണം നടക്കുന്ന അബ്കാരി കേസിലെ പ്രതിയുടെ അറസ്റ്റ് ഒഴിവാക്കുന്നതിന് 20,000 രൂപയാണ് കിഷോർകുമാർ ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 5,000രൂപ വാങ്ങി. ബാക്കി തുകയിൽ 8,000 രൂപ വീട്ടിലെത്തിക്കാൻ കിഷോർകുമാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് കേസിലെ പ്രതി ആലപ്പുഴ വിജിലൻസ് ഡിവൈ.എസ്.പി വി.ആർ.രവികുമാറിന് പരാതി നൽകി. വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ 8,000 രൂപ വ്യാഴാഴ്ച് വൈകിട്ട് കിഷോർകുമാറിന്റെ വീട്ടിലെത്തി കൈമാറുന്നതിനിടെ വിജിലൻസ് സംഘമെത്തി പിടികൂടുകയായിരുന്നു.