മാന്നാർ: കോവിഡ് പ്രതിരോധത്തിന് മുഖ്യ പങ്ക് വഹിക്കുന്ന ആരോഗ്യ പ്രവർത്തകരെ മാന്നാർ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
മാന്നാർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറും കൊറോണ പ്രതിരോധ ആലപ്പുഴ ജില്ലാ നോഡൽ ഓഫീസർ കൂടിയായ ഡോ. സാബു സുഗതൻ, ഡോ. പവിത്ര പ്രദീപ്, ഡോ. സി എം ജയശ്രീ ദേവി എന്നിവരെയാണ് ആദരിച്ചത്. ചടങ്ങിൽ ആരോഗ്യ പ്രവർത്തകർക്കുള്ള പി പി കിറ്റുകൾ, കാൽ കൊണ്ട് പ്രവർത്തിപ്പിക്കുന്ന സാനിട്ടൈസർ മെഷീൻ, മാസ്കുകൾ എന്നിവ വിതരണം ചെയ്തു. കോവിഡ് കാലത്ത് കടന്ന് വരാൻ മടിക്കുന്ന ആരോഗ്യ മേഖലയിലേക്ക് സ്വയം കടന്ന് വന്ന് ഇപ്പോൾ മാന്നാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സേവനം നടത്തുന്ന ദീപു എന്ന യുവാവിനെ ഡോക്ടർ സാബു സുഗതൻ ആദരിച്ചു. ഈ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തനങ്ങൾക്ക് കടന്നു വരാൻ ആളുകൾ പേടിക്കുന്ന സമയത്ത് ദീപുവിനെ പോലെയുള്ളവരുടെ പ്രവർത്തനം മാതൃകയാണെന്ന് ഡോക്ടർ പറഞ്ഞു. റോട്ടറി ക്ലബ് പ്രസിഡന്റ് ബി ശ്രീകുമാർ, സെക്രട്ടറി അരുൺകുമാർ, അനിൽ എസ് ഉഴത്തിൽ, ഡോക്ടർ വി പ്രകാശ്, അനി കുര്യൻ, ഷഫീക്, ഹാറൂൺ, ഗോപാലകൃഷ്ണപിള്ള, ടൈറ്റസ് കുര്യൻ, ആരോഗ്യ പ്രവർത്തകരായ എം പി സുരേഷ് കുമാർ, ഷൈനോ അനിഷ്, ദിപു എസ് ഡി എന്നിവർ പങ്കെടുത്തു.