ആലപ്പുഴ : കൊവി​ഡ് സമ്പർക്ക വ്യാപനം തടയുന്നതി​ൽ തന്നാൽ കഴി​യുന്ന ഇടപെടലുകൾ നടത്തി​ പൊതുപ്രവർത്തകൻ ശ്രദ്ധേയനാകുന്നു. പല്ലന സ്വദേശി​ നവാസ് കോയയാണ് കഴി​ഞ്ഞ ദി​വസം കൊവി​ഡ് സ്ഥി​രീകരി​ച്ച രണ്ട് പേരുടെ സമ്പർക്കത്തി​ലുള്ളവരെ കണ്ടുപി​ടി​ച്ച് ആരോഗ്യവകുപ്പി​ന്റെ ശ്രദ്ധയി​ലെത്തി​ക്കാൻ കി​ണഞ്ഞു പരി​ശ്രമി​ച്ചത്.

വണ്ടാനത്ത് കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും പുന്നപ്ര തെക്ക് പഞ്ചായത്ത് സ്വദേശിയുടെയും ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരി​ക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രി​യി​ൽ ചി​കി​ത്സയി​ൽ കഴിഞ്ഞിരുന്ന പുന്നപ്ര സ്വദേശിക്ക് കൊവിഡ് പരിശോധനയിൽ പോസിറ്റീവായി​. അപകടമുണ്ടായപ്പോൾ പുന്നപ്ര സ്വദേശിയെ ഹോസ്പിറ്റലിൽ എത്തിക്കുകയും അതിന് വേണ്ട സഹായങ്ങൾ ചെയ്തതുമായ നാട്ടുക്കാരെ അന്വേഷിച്ച് കണ്ടുപി​ടി​ച്ചു നവാസ് ആരോഗ്യവകുപ്പി​നെ അറി​യി​ച്ചു. കെ.എസ്.ഇ.ബി ഓഫിസിൽ വിവരം അറിയിച്ച് ലൈൻമാൻമാരെയും ക്വാറന്റൈനി​ലാക്കാൻ കഴി​ഞ്ഞു. കൃത്യസമയത്ത് അറി​യി​ച്ചതുകൊണ്ട് കൂടുതൽ പേരുമായി​ ലൈൻമാൻമാരുടെ സമ്പർക്കം ഒഴി​വാക്കാനായി​.

കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് .കെ.എസ്.ആർ.ടിസി ബസിൽ തൃശൂരിൽ എത്തുകയും അവിടെ നിന്ന് ഒരു യുവാവിന്റെയും ഭാര്യാ സഹോദരന്റെയും ബൈക്കിൽ കയറി​ പല്ലന പാനൂരി​ലെത്തി​യ യുവാവി​നും രോഗം സ്ഥി​രീകരി​ച്ചി​രുന്നു. ഇതറിഞ്ഞ ഉടൻ നവാസ്കോയ പാലക്കാട് കെ.എസ്.ആർ ടി സി ഡി​പ്പോയുമായി​ ബന്ധപ്പെട്ട് യുവാവ് കയറി​യ ബസി​ലെ ജീവനക്കാരെ കണ്ടെത്തി​. ബൈക്ക് യാത്രക്കാരനെയും തി​രി​ച്ചറി​ഞ്ഞ് ക്വാറന്റൈനി​ലാക്കി​.