എടത്വാ: അന്ധനായ ജോസിന് വേണ്ടി നിർമ്മിക്കുന്ന പുതിയ വീട്ടിലേയ്ക്ക് ഉപകരണങ്ങളുമായി പെരുന്നാൾ ദിനത്തിൽ ഇമാം എത്തി. സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കറ്റോട് തലപ്പാലത്ത് ജോസിന് നിർമ്മിച്ചു നൽകുന്ന വീട്ടിലേക്കാണ് ഡിന്നർ സെറ്റ്, ഫാനുകൾ, ട്യൂബ് ലൈറ്റുകൾ, എൽ.ഇ.ഡി ബൾബുകൾ എന്നിവയുമായി ചാരിറ്റി ഗ്രൂപ്പ് ചെയർമാൻ കൂടിയായ കെ.ജെ സലിം സഖാഫിയുടെ വരവ്.
നടുറോഡിൽ വഴിയറിയാതെ ജോസിനെ തിരുവല്ലയിലെ വസ്ത്രസ്ഥാപനത്തിലെ ജീവനക്കാരി സുപ്രിയ ബസിൽ കയറ്റി വിട്ട രംഗം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. സൗഹൃദ വേദി പ്രവർത്തകർ ജോസിനെ സന്ദർശിക്കാൻ നേരിട്ടെത്തിയപ്പോഴാണ് ദുരിതം നേരിൽ കണ്ടത്. 22 വർഷങ്ങൾക്ക് മുമ്പാണ് ജോസിന് കണ്ണിന്റെ കാഴ്ചശക്തി കുറയുവാൻ തുടങ്ങിയത്. രണ്ട് ശസ്ത്രക്രിയ നടത്തിയെങ്കിലും ശരിയായ തുടർ ചികിത്സ നടത്തുവാൻ കഴിയാഞ്ഞതുമൂലം പൂർണമായി അന്ധത വ്യാപിച്ചു. ചോർന്നൊലിച്ച് നിലംപൊത്താറായ വീടിന്റെ അവസ്ഥ കണ്ട് ഒരുസന്നദ്ധ സംഘടന 2008ൽ വീട് വാഗ്ദാനം ചെയ്തു. വീടിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചെങ്കിലും പതിറ്റാണ്ടുകളായി നിർമ്മാണം പാതിവഴിയിലായിരുന്നു. ജോസിന്റെ ഭാര്യ സിസിൽ ജോസ് ആസ്ത്മ രോഗിയാണ്. മുടിവെട്ട് തൊഴിലാളിയായ മൂത്തമകന്റെ ഏക വരുമാനം കൊണ്ടാണ് ഏഴംഗ കുടുംബം ജീവിക്കുന്നത്. വീടിന്റെ പണി പുരോഗമിക്കുമ്പോൾ തന്നെ കഴിഞ്ഞ ദിവസം മുതൽ സുമനസുകൾ ഫ്രിഡ്ജ്, ഗ്യാസ് അടുപ്പ്, അടുക്കള ഉപകരണങ്ങൾ എന്നിവ എത്തിച്ചു നൽകിയിരുന്നു. സൗഹൃദവേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള, സ്റ്റേറ്റ് കോഓഡിനേറ്റർ സിബി സാം തോട്ടത്തിൽ,സുരേഷ് പി.ഡി, വിൻസൻ പൊയ്യാലുമാലിൽ, ബിജു ബേബി എന്നിവരും ഇമാമിനൊപ്പം എത്തിയിരുന്നു