ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ നടപടികൾ മൂലം രാജ്യത്തെ ജനങ്ങൾ വിഷപാമ്പിന്റെ കടിയേറ്റ അവസ്ഥയിലായെന്ന തൃണമൂൽ എംപി കല്യാൺ ബാനർജിയുടെ പ്രസ്‌താവന വിവാദത്തിൽ. ലോകം കണ്ട ഏറ്റവും മോശം ധനമന്ത്രിയാണ് നിർമ്മലാ സീതാരാമനെന്നും പശ്‌ചിമബംഗാളിലെ ബാങ്കുറയിൽ പാർട്ടി റാലിയിൽ ബാനർജി പറഞ്ഞു.
അവർ ധിക്കാരിയായ സ്‌ത്രീയാണ്. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുകയാണവർ. കറുത്ത പാമ്പിന്റെ കടിയേറ്റ് മരിക്കുന്നതിന് തുല്യമാണിത്. ധനമന്ത്രിയുടെ കടിയേറ്റ് ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുന്നു. . നിർമ്മല മന്ത്രിസ്ഥാനം രാജിവച്ച് ആന്ധ്രയിലേക്ക് മടങ്ങുന്നതാണ് നല്ലതെന്നും ബാനർജി പറഞ്ഞു.
കല്യാൺ ബാനർജിയിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്ന് പശ്‌ചിമ ബംഗാളിൽ നിന്നുള്ള കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രി ദേബശ്രീ ചൗധരി പ്രതികരിച്ചു. പാർലമെന്റിലും പുറത്തും അദ്ദേഹം സ്‌ത്രീകളെ ഒരിക്കലും ബഹുമാനിച്ചിട്ടില്ല. ഒരു വനിത നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാവിൽ നിന്ന് ഇത്തരം മോശം വാക്കുകൾ വരാൻ പാടില്ലായിരുന്നുവെന്നും ചൗധരി പറഞ്ഞു.
മമതാ ബാനർജിയുടെ നേതൃത്വത്തെ ചോദ്യം ചെയ്‌ത ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷിനെയും കല്യാൺ ബാനർജി കടന്നാക്രമിച്ചു. 18 പേരുടെ കാവലിൽ കഴിയുന്ന ദിലീപിന് നേരിട്ട് പോരാടാൻ ശേഷിയില്ല..അതിനാൽ,പുരുഷൻമാരുടെ വേഷമഴിച്ച് സാരിയുടുത്ത് വീട്ടിലിരിക്കണമെന്നും ബാനർജി ആവശ്യപ്പെട്ടു.