ന്യൂഡൽഹി: ഇന്ത്യൻ ഉപഭോക്താക്കളുടെ ഡാറ്റാ ചോർച്ച, ചൈനീസ് ബന്ധം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട 79 ചോദ്യങ്ങൾക്ക് ജൂലായ് 22ന് മുമ്പ് മറുപടി നൽകാൻ നിരോധിച്ച 59 ചൈനീസ് മൊബൈൽ ആപ്പ് കമ്പനികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. മറുപടി നൽകിയില്ലെങ്കിൽ സ്ഥിരമായി വിലക്കും. ആപ്പുകളെ നിയന്ത്രിക്കുന്ന മാതൃകമ്പനികളുടെ ഉറവിടം, ഘടന, ഫണ്ടിംഗ്, ഡാറ്റാ മാനേജ്‌മെന്റ്, കമ്പനികളുടെ നടത്തിപ്പ്, സർവറുകളുടെ വിവരം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് ചോദ്യങ്ങൾ. കമ്പനികൾ നൽകുന്ന മറുപടി പ്രത്യേക കമ്മിറ്റി പരിശോധിക്കും. ഇന്ത്യയിൽ നിന്നുള്ള വിവരങ്ങൾ മൂന്നാമത് ഒരു ഏജൻസിക്കോ, വിദേശ രാജ്യങ്ങൾക്കോ കൈമാറുന്നത് നിയമവിരുദ്ധമാണ്.