ന്യൂഡൽഹി: മാനഭംഗത്തെത്തുടർന്ന് ഗർഭിണിയായ പതിനേഴുവയസുകാരിക്ക് ഗർഭച്ഛിദ്രം നടത്താൻ ബോംബെ ഹൈക്കോടതി അനുമതി നൽകി. 25 ആഴ്ച പ്രായമുള്ള കുഞ്ഞിനെ ഗർഭച്ഛിദ്രം ചെയ്യാൻ അമ്മയ്ക്ക് അനുമതി നൽകരുതെന്ന മെഡിക്കൽ ബോഡിന്റെ റിപ്പോർട്ട് തള്ളിയാണ് ജസ്റ്റിസുമാരായ കെ.കെ താതേദ്, മിലന്ദ് ജാവേദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ വിധി.
ഭ്രൂണത്തിന് ഇരുപത് ആഴ്ചയിൽ കൂടുതൽ വളർച്ചയെത്തിയാൽ ഗർഭം അലസിപ്പിക്കുന്നതിന് നിയമം അനുവദിക്കുന്നില്ല. എന്നാൽ കോടതിയെ സമീപിച്ച് അനുമതി വാങ്ങാം. തന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം അപകടത്തിലാണെന്ന് പെൺകുട്ടി ഹർജിയിൽ പറഞ്ഞിരുന്നു. പിതാവ് വഴിയാണ് കുട്ടി കോടതിയെ സമീപിച്ചത്. പരിശോധനകൾക്കായി കെ.ഇ.എം. ആശുപത്രി മെഡിക്കൽ ബോർഡിനെ സമീപിക്കാൻ കോടതി പെൺകുട്ടിയോട് നിർദേശിച്ചു. എന്നാൽ പെൺകുട്ടിക്ക് ഒരു ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാനുള്ള ശാരീരികാവസ്ഥയുണ്ട് എന്നായിരുന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. കുട്ടിയെ വളർത്താൻ താത്പര്യമില്ലെങ്കിൽ പിന്നീട് പെൺകുട്ടിക്കും കുടുംബത്തിനും ദത്ത് ചെയ്യാമെന്നും റിപ്പോർട്ടിൽ പറഞ്ഞു.
എന്നാൽ പെൺകുട്ടി ഗർഭം ധരിച്ചത് മാനഭംഗത്തെ തുടർന്നാണെന്നും പ്രസവം കുട്ടിയുടെ മാനസികാരോഗ്യം തകർക്കരുതെന്നും കോടതി നിരീക്ഷിച്ചു. ഒരുപക്ഷേ പെൺകുട്ടി പ്രസവിക്കാൻ തയ്യാറാവുകയും എന്നാൽ കുഞ്ഞിനെ വളർത്താൻ പെൺകുട്ടിയും കുടുംബവും തയ്യാറായില്ലെങ്കിൽ സംസ്ഥാന സർക്കാർ കുഞ്ഞിന്റെ ചുമതല ഏറ്റെടുക്കണമെന്നും കോടതി വിധിച്ചു. കേസ് മുംബയിലെ വകോല പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.