vettukuli

ന്യൂഡൽഹി: കൃഷിനാശമടക്കമുള്ള ദുരിതങ്ങൾക്ക് കാരണമാകുന്ന വെട്ടുകിളി ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ പഠിച്ചപണി പതിനെട്ടും പയറ്റുകയാണ് ഉത്തരേന്ത്യയിലെ കർഷകർ.

രാത്രികാലത്താണ് വെട്ടുകിളികളെ കൊന്നൊടുക്കാനുള്ള നടപടികൾ തുടരുന്നത്. പൊലീസ് വാഹനങ്ങളുടെ സൈറൺ മുഴക്കിയും വീട്ടുപകരണങ്ങൾ തട്ടി ഒച്ചയുണ്ടാക്കിയും ഇവയെ ഓടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. രാജസ്ഥാനിലെ നഗാവുർ ഗ്രാമവാസികൾ പാത്രം കൊട്ടിയാണ് വെട്ടുക്കിളികളെ പായിക്കാൻ ശ്രമിക്കുന്നത്. വെട്ടുകിളികളെ പായിക്കാൻ ഓരോ ജില്ലയ്ക്കും ഡ്രോണുകളും ട്രാക്ടറുകളും നൽകുന്നുണ്ട് രാജസ്ഥാനിലേയും ഹരിയാനയിലേയും സർക്കാർ. പല ഉൾനാടൻ ഗ്രാമങ്ങളിലും ജീവനോടെ വെട്ടുകിളികളെ പിടികൂടി സഞ്ചിയിലാക്കി വിൽക്കുന്ന കച്ചവടക്കാരേയും കാണാം. ബിരിയാണി അടക്കം പല വിഭവങ്ങളും വെട്ടികിളി റെസിപ്പിയിൽ ഒരുക്കുന്നുണ്ട്.

'കഴിഞ്ഞ 1015 ദിവസമായി വെട്ടുകിളികൾ ഈ പ്രദേശത്തുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ ജില്ലാ ഭരണകൂടം സാധിക്കുന്നത് ചെയ്യുന്നുണ്ട്. ഇത് പ്രജനന കാലം ആയതിനാൽ വെട്ടുകിളികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയാണ് - ജില്ലാ അസിസ്റ്റന്റ് കലക്ടർ പ്രഭതി ലാൽ ജാട്ട് പറഞ്ഞു. രാജസ്ഥാനിലും ഗുജറാത്തിലും പരക്കെ നാശമുണ്ടാക്കിയ ശേഷം മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് നീങ്ങുന്ന വെട്ടുകിളികൾ തലസ്ഥാനത്തും എത്തിത്തുടങ്ങിയിരിക്കുന്നു.