ന്യൂഡൽഹി: ജൂൺ മാസത്തിൽ രാജ്യത്തുണ്ടായത് കൊവിഡ് കുതിപ്പ്. 3.86 ലക്ഷം പുതിയ രോഗികളും 12005 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. മേയ് 31ന് 1.90 ലക്ഷമായിരുന്നു ആകെ രോഗികൾ. ജൂൺ 31ന് ഇത് 5.85 ലക്ഷമായി. അവസാന 12 ദിവസം മാത്രം രണ്ട് ലക്ഷം പേർ രോഗികളായി.കൊവിഡ് രൂക്ഷമായ ലോക രാജ്യങ്ങളിൽ ഇന്ത്യ ഇപ്പോൾ ലോകത്ത് നാലാമതാണ്. ഇത് തുടരുകയാണെങ്കിൽ ഏഴുലക്ഷത്തോളം കേസുകളുള്ള റഷ്യയെ ഇന്ത്യ ഒരാഴ്ചയ്ക്കുള്ളിൽ മറികടക്കും.
മഹാരാഷ്ട്ര,തമിഴ്‌നാട്,ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ എണ്ണം കൂടുതലായി ഉയർന്നത്. മഹരാഷ്ട്രയിൽ ജൂണിൽ ഒരു ലക്ഷത്തിലേറെയും തമിഴ്‌നാട്ടിലും ഡൽഹിയിലും 67000ത്തിലേറെയും പുതിയ രോഗികളുണ്ടായി. ആന്ധ്ര,തെലങ്കാന, കർണാടക, യു.പി,ഗുജറാത്ത്, അസം,ബിഹാർ, ഹരിയാന, രാജസ്ഥാ, പശ്ചിമബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനയുണ്ടായി. ലക്ഷദ്വീപിൽ മാത്രമാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കാത്തത്.
രാജ്യത്തെ ആകെ കേസുകളുടെ 29.8 ശതമാനം മഹാരാഷ്ട്രയിലാണ്. തമിഴ്‌നാടും ഡൽഹിയും ചേർന്ന് 30 ശതമാനം.
ഒരു ദിവസം രോഗമുക്തി നേടുന്നവരെക്കാൾ കൂടുതൽ രോഗികളാണ് പ്രതിദിനം രാജ്യത്തുണ്ടാകുന്നത്. ജൂൺ 27ന് 20000 ത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. കുറച്ചു ദിവസങ്ങളായി ശരാശരി 18000 രോഗികളാണ് പ്രതിദിനം രാജ്യത്തുണ്ടാകുന്നത്.
രോഗമുക്തി നേടാത്തവരുടെ എണ്ണം മേയ് 31ന് 93000 ആയിരുന്നെങ്കിൽ ജൂൺ 30ന് ഇത് 2.20 ലക്ഷമാണ്.
ജൂണിൽ മാത്രം 12000 മരണവും രാജ്യത്തുണ്ടായി. മുൻമാസങ്ങളെക്കാൾ ഇരട്ടിയേറെ മരണം. ആകെ മരണം 17000 പിന്നിട്ടു. പ്രതിദിന മരണം 500 പിന്നിട്ടു.
ഒരാഴ്ചത്തെ പ്രതിദിന രോഗികളും മരണവും
..............................................................................
ജൂൺ 24 -16868 - 424
ജൂൺ 25 -18205 - 401
ജൂൺ 26 -18255 - 381
ജൂൺ 27 - 20142 - 414
ജൂൺ 28 -19610 -384
ജൂൺ 29- 18339 - 417
ജൂൺ 30- 18256 - 506