india-china-

ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷം കുറയ‌്‌ക്കാൻ ഇന്ത്യയുടെയും ചൈനയുടെയും കമാൻഡർമാർ 12 മണിക്കൂർ മാരത്തോൺ ചർച്ച നടത്തിയിട്ടും കാര്യമായ ധാരണയുണ്ടായില്ല. വരും ദിവസങ്ങളിൽ സൈനിക,​ നയതന്ത്ര ചർച്ചകൾ തുടരും. അതിനിടെ അതിർത്തിയിലുടനീളം ഇരുപക്ഷവും സൈനിക വിന്യാസം കൂട്ടി. സ്ഥിതി വിലയിരുത്താൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ ലഡാക്കിലെത്തും.

വിദേശകാര്യ മന്ത്രിമാരുടെ ധാരണ പ്രകാരം സൈന്യങ്ങളെ പിൻവലിക്കൽ, സമാധാനം നിലനിറുത്തൽ എന്നിവയാണ് ചുഷൂലിലെ ഇന്ത്യൻ അതിർത്തിയിൽ ചൊവ്വാഴ്‌ച രാവിലെ 11മുതൽ ചർച്ചയായത്. ജൂൺ ആറിന്റെ ധാരണ പ്രകാരം തർക്കങ്ങൾ പരിഹരിക്കാമെന്ന് സമ്മതിച്ചെങ്കിലും അതു നടപ്പാക്കുന്നതിൽ ധാരണയായില്ല. പാംഗോഗ് തടാകത്തിലെ ഫിംഗർ നാലിലും ഗാൽവൻ താഴ്‌വരയിലും ഏപ്രിലിലെ തൽസ്ഥിതി നിലനിറുത്തണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന അംഗീകരിച്ചിട്ടില്ല.

ഘട്ടംഘട്ടമായി സൈന്യത്തെ പിൻവലിക്കുന്നതിനാണ് ചർച്ചയിൽ ഇരുപക്ഷവും ഊന്നൽ നൽകിയത്. ഇത് സങ്കീർണമായ പ്രക്രിയ ആയതിനാൽ അഭ്യൂഹങ്ങൾ പ്രചരിക്കരുതെന്ന് ധാരണയായി.

14-ാം കോർ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗും സിൻചിയാംഗ് മിലിട്ടറി മേഖലാ കമാൻഡർ മേജർ ജനറൽ ലിയൂ ലിനും തമ്മിലുള്ള ചർച്ച ഘട്ടങ്ങളായി രാത്രി 11വരെ നീണ്ടു. ഇവരുടെ മൂന്നാമത്തെ കൂടിക്കാഴ്‌ചയാണിത്.

@സൈനിക വിന്യാസം ശക്തമാക്കി

വടക്കൻ ലഡാക്ക് അതിർത്തിയിൽ ചൈന 20,000 സൈനികരെ അധികമായി വിന്യസിച്ചു. വടക്കൻ സിൻചിയാംഗ് പ്രവിശ്യയിൽ നിന്ന് 10,000 സൈനികർ കൂടി ഉടനെത്തുമെന്നും സൂചനയുണ്ട്. വിമാനങ്ങളിൽ

ടാങ്കുകൾ അടക്കം കവചിത വാഹനങ്ങൾ എത്തിക്കുന്നതായും അറിയുന്നു. മറുപടിയായി ഗാൽവൻ താഴ്‌വര മുതൽ കാരക്കോറം ചുരം മേഖല വരെ 10,000 സൈനികരെ ഇന്ത്യയും വിന്യസിക്കും. പാംഗോഗ് തടാകത്തിൽ പട്രോളിംഗിന് അത്യാധുനിക ബോട്ടുകൾ എത്തിക്കും.

പാംഗോഗ് തടാകത്തിലെ ഫിംഗർ എട്ടു മുതൽ ഫിംഗർ നാലുവരെ സ്ഥിരം താവളമാക്കാനുള്ള നിർമ്മാണങ്ങൾ ചൈന നടത്തുകയാണ്. ഫിംഗർ എട്ടിൽ നിന്ന് ഫിംഗർ അഞ്ചുവരെ റോഡും ട്രഞ്ചുകളും നിർമ്മിച്ചു. നേരത്തെ ഇന്ത്യ പട്രോളിംഗ് നടത്തിയ സ്ഥലങ്ങളിലാണിത്. സെപ്‌തംബർ-ഒക്‌ടോബർ വരെ ചൈനീസ് അധിനിവേശം തുടരുമെന്നാണ് വിലയിരുത്തൽ.

രാജ്നാഥ് നാളെ ലഡാക്കിൽ

അതിർത്തിയിലെ സംഘർഷാവസ്ഥ വിലയിരുത്താനും ജൂൺ 15ന്റെ ആക്രമണത്തിൽ പരിക്കേറ്റ സൈനികരെ സന്ദർശിക്കാനുമായി പ്രതിരോധ മന്ത്രി രാജ്നാഥ്സിംഗ് നാളെ ലഡാക്കിലെത്തും. കരസേനാ മേധാവി ജനറൽ എം.എം.നരാവനെയും അനുഗമിക്കും.

പാക് അതിർത്തിയിലും പ്രകോപനം

പാകിസ്ഥാൻ ജമ്മുകാശ്‌മീർ അതിർത്തിയിൽ 20,000 സൈനികരെ കൂടുതൽ വിന്യസിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അധിനിവേശ കാശ്‌മീരിലെ സ്‌കർദു വ്യോമത്താവളത്തിൽ സൈനിക നീക്കം സജീവമായിരുന്നു. നിയന്ത്രണ രേഖയിലെ പാക് റഡാറുകളും പ്രവർത്തനനിരതമായിരുന്നു.