ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷനും ചില വ്യക്തികളും നൽകിയ ഹർജിയിൽ സുപ്രീംകോടതി കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി. ആഗസ്റ്റിൽ എല്ലാ സംസ്ഥാനങ്ങളും മറുപടി നൽകണം.
ഇടുക്കി ജില്ലയെ കൂടുതൽ ബാധിക്കുന്ന പ്രശ്‌നമായതിനാൽ കേസിൽ കക്ഷിചേരുമെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. നീലഗിരി സ്വദേശി എം. കാവ്യ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത 7 കുട്ടികളാണ് കേസിലെ പ്രധാന ഹർജിക്കാർ. കേരളത്തിൽ നിന്ന് റിവർ റിസർച്ച് സെന്റും ഹർജി നൽകിയവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. കേരളം സമർപ്പിച്ച ഉമ്മൻ വി. ഉമ്മൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം നടത്തണമെന്നാണ് ഡീനിന്റെ ആവശ്യം.